വാതിൽ കത്തിച്ച് അകത്തുകയറി; കോട്ടയത്തെ പള്ളിയുടെ നേർച്ചപ്പെട്ടിയിൽനിന്ന് 12,000 രൂപ കവർന്നു
വാതിലിന് മോഷ്ടാവ് തീയിടുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്;
പാമ്പാടി: കോട്ടയം പാമ്പാടി ചെവിക്കുന്നേല്‍ സെന്‍റ്. ജോണ്‍സ് പള്ളിയില്‍ മോഷണം. വാതില്‍ കത്തിച്ച് ദ്വാരമുണ്ടാക്കി അകത്തുകടന്ന മോഷ്ടാവ് ദേവാലയത്തിനുള്ളിലെ പ്രധാന നേര്‍ച്ചപ്പെട്ടിയുടെ താഴ് തകര്‍ത്ത് പണം കവര്‍ന്നു. വാതിലിന് മോഷ്ടാവ് തീയിടുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
പള്ളിയുടെ വാതിലിന്റെ ഒരു ഭാഗത്തിന് തീയിട്ട് ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തുകയറി കവര്‍ച്ച നടത്തിയത്. ശനിയാഴ്ച രാത്രി 11.30-നും 1.30-നും ഇടയിലാണ് മോഷണം നടന്നത്. മൂന്നുമാസമായി നേര്‍ച്ചയായി ലഭിച്ച ഏകദേശം 12,000 രൂപയോളം മോഷ്ടിക്കപ്പെട്ടതായാണ് കണക്കാക്കുന്നത്.
ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്ക് പള്ളി അധികൃതര്‍ എത്തിയപ്പോഴാണ് മോഷണം നടന്നവിവരം അറിയുന്നത്. പാന്റും ഷര്‍ട്ടും ധരിച്ച ഒരാളാണ് വാതിലിന് തീയിടുന്നതായി ദൃശ്യങ്ങളിലുള്ളത്. പാമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.