ലോക്‌സഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടി ഇറങ്ങി തെന്നിന്ത്യന്‍ നേതാക്കളും

August 5, 2018 0 By Editor

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെന്നിന്ത്യയില്‍ നിന്നുള്ള നേതാക്കളും കച്ചകെട്ടി ഇറങ്ങുമെന്ന് സൂചന. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച്.ഡി.ദേവഗൗഡ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു എന്നിവരുടെ പേരുകളാണ് ഇവയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

വരുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പിയെ നേരിടാന്‍ പ്രാദേശിക കക്ഷികളെ കൂട്ടു പിടിക്കുക മാത്രമാണ് ഒരേയൊരു പോംവഴി എന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നാണ് സൂചന. നേരത്തെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കോണ്‍ഗ്രസ്, വിവിധ കക്ഷികളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

പ്രതിപക്ഷ സഖ്യത്തിന് ചുക്കാന്‍ പിടിച്ച മമതാ ബാനര്‍ജി തനിക്ക് പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയും ചെയ്ത അവസരത്തിലാണ് ഗൗഡ, നായിഡു, റാവു ത്രയങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ സഹായമുണ്ടെങ്കില്‍ മാത്രമെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും നിലവിലെ അവസ്ഥയില്‍ തെന്നിന്ത്യയില്‍ നിലനില്‍പ്പുള്ളൂ എന്നതും പ്രധാനഘടകമാണ്.