കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുട്ടിയടക്കം കാസർകോട് സ്വദേശികളായ 5 പേർ മരിച്ചു

കണ്ണൂർ:   കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു…

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം.

നാലു പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്.

കണ്ണൂർ ഭാഗത്തു നിന്നു പയ്യന്നൂർ ഭാഗത്തേക്കു പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. കാറിൽ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണു കരുതുന്നത്.

വാതിലുകൾ വെട്ടിപ്പൊളിച്ചാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. കാർ ലോറിയുടെ മുൻവശത്ത് ഇടിച്ച് ബോണറ്റ് ഉൾപ്പെടെ ലോറിക്ക് അടിയിലേക്കു കയറിയ നിലയിലായിരുന്നു. കാറിന്റെ ബോഡി ആകെ ഒടിഞ്ഞു മടങ്ങിപ്പോയിരുന്നു.

നാട്ടുകാർ എത്തിയപ്പോൾ ആർക്കും ബോധമുണ്ടായിരുന്നില്ല. വണ്ടി വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറഞ്ഞെടുത്തത്. സമീപത്തെ ടർഫിൽ കളിക്കുന്നവരും നാട്ടുകാരും ചേർന്നാണു പ്രാരംഭ രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സിഎയ്ക്കു ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടർ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story