
സൗദി വിദേശകാര്യ മന്ത്രിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും കൂടിക്കാഴ്ച നടത്തി
April 30, 2024റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് കോർപറേഷൻ കൗൺസിൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അമേരിക്കയും തമ്മിലുള്ള സംയുക്ത യോഗത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ജി.സി.സി കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും വിവിധ മേഖലകളിലെ സംയുക്ത സഹകരണവും അവലോകനം ചെയ്തു. ഗസ്സയിലെയും റഫ നഗരത്തിലെയും സ്ഥിതിഗതികളെയും സംഭവവികാസങ്ങളെക്കുറിച്ചും അടിയന്തര വെടിനിർത്തലിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അടിയന്തര മാനുഷിക സഹായം ഉറപ്പാക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.
അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രാലയത്തിെൻറ ഉപദേഷ്ടാവ് ഡോ. മനാൽ റദ്‌വാൻ, വിദേശകാര്യ മന്ത്രിയുടെ ഉന്നത ഉപദേഷ്ടാവ് മുഹമ്മദ് അൽയഹ്‌യ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.