തൃശ്ശൂര്‍ പൂരം: നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട ഇന്ന് തുറക്കും.

തൃശ്ശൂര്‍ പൂരം: നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട ഇന്ന് തുറക്കും.

April 24, 2018 0 By Editor

തൃശൂര്‍: പൂരച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മ ഇന്ന് തെക്കേ ഗോപുര നട തുറക്കും. പൂരച്ചടങ്ങുകള്‍ക്കും മഹാശിവരാത്രിക്കും മാത്രം തുറക്കുന്ന തെക്കേ ഗോപുര വാതില്‍ നാളെ ഘടകപൂരങ്ങള്‍ കടന്നു പോകുന്നതിനായാണ് തുറക്കുക. രാവിലെ നെയ്തലക്കാവ് ക്ഷേത്രത്തില്‍ ആനപ്പുറത്ത് എഴുന്നള്ളുന്ന ദേവി 11 മണിയോടെയാണ് തെക്കേ ഗോപുരനട തുറക്കുക. ചെറുപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തിലക്കാവമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്.

തിരുവമ്പാടി വിഭാഗത്തിന്റെ ആനച്ചമയ പ്രദര്‍ശനവും ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ മുതല്‍ ഘടകപൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങാന്‍ എത്തിത്തുടങ്ങും. ഉച്ചക്ക് ശേഷമാണ് തൃശൂര്‍ പൂരത്തിന് പകിട്ടേകുന്ന ആഘോഷങ്ങള്‍. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനുള്ള പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും പിന്നെ കുടമാറ്റവും. ഒടുവില്‍ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്. തുടര്‍ന്ന് ഉച്ചയ്ക്കു 12.30ന് ദേവിമാര്‍ ഉപചാരം ചൊല്ലുന്നതോടെ പൂരം പിരിയും.