പി.കെ ശശി പീഡന കേസ്; സംഘടന നടപടിയെടുത്ത് പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമം

September 16, 2018 0 By Editor

പാലക്കാട്: പി കെ ശശി എംഎല്‍എയ്ക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സംഘടനാ നടപടിയെടുത്ത് പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ നീക്കം. യുവതി പൊലീസിനെ സമീപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രശ്‌നം അവസാനിപ്പിക്കാനാണ് സി.പി.എം ശ്രമമെന്ന് ആരോപണമുയര്‍ന്നു.

പി കെ ശശിയ്‌ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി അന്വേഷിക്കുന്നതിനായി സി പി എം നിയോഗിച്ച കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് യുവതിയില്‍ നിന്നും മൊഴിയെടുത്തത്. പരാതിയില്‍ യുവതി ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും പ്രശ്‌നത്തില്‍ പൊലീസിനെ സമീപിക്കാന്‍ ഇപ്പോള്‍ താല്പര്യമില്ലെന്ന് അറിയിച്ചതായാണ് സൂചന. ഇതോടെയാണ് പി കെ ശശിയ്‌ക്കെതിരെ സംഘടനാ നടപടിയെടുത്ത് പ്രശ്‌നം അവസാനിപ്പിക്കാനുള്ള നീക്കം സജീവമായത്.

പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം നടത്താനെത്തിയവരെക്കുറിച്ചും പണം വാഗ്ദാനം നല്‍കിയവരെക്കുറിച്ചും യുവതി കമ്മീഷന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. തനിക്കെതിരെ ചിലര്‍ കുപ്രചരണം നടത്തുന്നതായും യുവതി ആരോപിയ്ക്കുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്നും യുവതി ആവശ്യമുന്നയിച്ചതായാണ് സൂചന.

ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുത്താല്‍ ശശിയെ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അനുവദിയ്ക്കുന്നത് ഉചിതമാവില്ലെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ പൊലീസിലോ, സര്‍ക്കാരിന്റെ വേറെ ഏതെങ്കിലും ഏജന്‍സിയുടെ മുന്‍പിലോ ഇലാത്ത പരാതിയുടെ പേരില്‍ എം എല്‍ എ സ്ഥാനത്ത് നിന്ന് മാറ്റുന്നത് ശരിയല്ലെന്നാണ് ശശിയെ അനുകൂലിയ്ക്കുന്നവര്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം പാര്‍ട്ടിക്ക് നേതൃത്വത്തിന് മാത്രമായി ലഭിച്ച പരാതിയുടെ വിവരങ്ങള്‍ പുറത്ത് വിട്ടവര്‍ക്കെതിരെ നടപടി വേണമെന്നും ശശി അനുകൂലികള്‍ ആവശ്യപ്പെടുന്നുണ്ട്.