
പോലീസിന് സുഹാസിനിയെ മല കേറ്റണം; ഭക്തരുടെ വികാരം വ്രണപ്പെടുത്തി മല കയറേണ്ടെന്നു സുഹാസിനി
October 18, 2018പത്തനംതിട്ട: വിവാദമുണ്ടാക്കി മലകയറാനില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്. ആരുടെയും വികാരം വ്രണപ്പെടുത്താനില്ലെന്നും സുഹാസിനി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് മല കയറാതെ മടങ്ങുകയായിരുന്നു. മരക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സുഹാസിനി മലയിറങ്ങാന്‍ തയ്യാറായത്. ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷമാണ് ഇവര്‍ തിരിച്ചിറങ്ങിയത്. അയ്യപ്പ ഭക്തര്‍ ശരണം വിളികളോടെ പ്രതിഷേധിച്ചപ്പോഴാണ് അവര്‍ തിരികെയിറങ്ങാന്‍ തയ്യാറായത്.പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധം ഒരുക്കിയ പൊലീസ്, എത്ര ദൂരം മുന്നോട്ട് പോയാലും സംരക്ഷണം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇങ്ങനെ യാത്ര തുടരണ്ട എന്ന് സുഹാസിനി അറിയിക്കുകയായിരുന്നു.