
കൂട്ടുക്കാരിയെ പിരിയാന്‍ വയ്യ! മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവതികളെ ബംഗളൂരുവിലെ ഹോട്ടലില്‍ നിന്നും കണ്ടെത്തി
May 1, 2018കുന്നംകുളം: ഒരാഴ്ച മുമ്പ് കാണാതായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികളെ ബംഗളുരുവില്‍ കണ്ടെത്തി. കുന്നംകുളം കേന്ദ്രമായ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ പാറന്നൂര്‍, ഒല്ലൂര്‍ സ്വദേശിനികളാണ് ഇരുവരും. പാറന്നൂരില്‍നിന്നും കാണാതായ യുവതി രണ്ടു കുട്ടികളുടെ അമ്മയാണ്. ഒല്ലൂരിലെ യുവതിയുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ട്.
സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് കുന്നംകുളം കേന്ദ്ര ഓഫീസിലാണ് ജോലിചെയ്തിരുന്നത്. വളരെ അടുപ്പത്തില്‍ കഴിഞ്ഞിരുന്ന ഇവരില്‍ ഒല്ലൂര്‍ സ്വദേശിനിയായ യുവതിയെ തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുശേഷവും ഇരുവരും മൊബൈല്‍ ഫോണ്‍ വഴിയും ബന്ധം തുടര്‍ന്നു. ഇതിനിടെയാണ് ഒരാഴ്ച മുമ്പ് ഇരുവരെയും കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും മകളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും കുന്നംകുളം, ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ നല്‍കിയിരുന്നു. ഇതിനിടെ നാടുവിട്ട ഇരുവരും തിരുവനന്തപുരത്ത് എത്തി. അവിടെനിന്ന് പാറന്നൂര്‍ സ്വദേശിനിയായ യുവതി എ.ടി.എം. വഴി പണമെടുത്ത വിവരം ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചു.
ഉടന്‍തന്നെ യുവതിയെ അന്വേഷിച്ച് ഭര്‍ത്താവും സംഘവും തിരുവനന്തപുരത്ത് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇതിനുശേഷം യുവതി ബംഗളുരുവിലുണ്ടെന്നു ഭര്‍ത്താവിനു വിവരം ലഭിച്ചു. യുവതി മൊബൈല്‍ ഫോണില്‍ ചിലരെ വിളിച്ചിരുന്നതായി അറിഞ്ഞു. ഉടന്‍ തന്നെ ഭര്‍ത്താവിന്റെ ബംഗളുരുവിലുള്ള ബന്ധുക്കള്‍ വഴി ബംഗളുരു പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തിയത്. ബന്ധുക്കള്‍ വഴിയാണ് ഇന്നലെ ഇരുവരും പോലീസ് സ്‌റ്റേഷനുകളില്‍ ഹാജരായത്. ഇരുവരുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി.