പാലക്കാട് റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടച്ച് പൂട്ടും

May 1, 2018 0 By Editor

പാലക്കാട്: ഒലവക്കോട്ടുളള റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍ത്തലാക്കുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പ്രവേശനം നല്‍കേണ്ടെന്ന് ദക്ഷിണ റെയില്‍വേ ഉത്തരവായി. പൂര്‍ണമായും റെയില്‍വേയുടെ കീഴിലുളള സ്‌കൂളില്‍ കുട്ടികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതും നടത്തിപ്പിന് പൊതു സഹകരണം ഇല്ലാത്തതും നേരത്തെ ചര്‍ച്ചയായിരുന്നു.

റെയില്‍വേയുടെ കീഴിലുള്ള സംസ്ഥാനത്തെ ഏക സ്‌കൂളില്‍ ഒന്നുമുതല്‍ പന്ത്രണ്ടാംക്ലാസുവരെ ഏതാണ്ട് 400 കുട്ടികള്‍ പഠിക്കുന്നെന്നാണ് വിവരം. വന്‍തുക ചെലവഴിച്ചു സ്‌കൂള്‍ നടത്തികൊണ്ടുപോകാന്‍ കഴിയില്ലെന്നാണു റെയില്‍വേയുടെ നിലപാട്. പാലക്കാട് ഡിവിഷനുകീഴില്‍ 1958ലാണ് സ്‌കൂളിന് തുടക്കം. പ്രദേശത്ത് പഠനം സൗകര്യമില്ലാത്തതിനാല്‍ റെയില്‍വേ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അന്ന് ഏക ആശ്രയമായിരുന്നു സ്ഥാപനം. 1983ലാണ് ഹൈസ്‌കൂളായി ഉയര്‍ത്തിയത്. 2002ല്‍ ഹയര്‍ സെക്കന്‍ഡറിയായി. തുടക്കത്തില്‍ ഇംഗ്ലിഷ്, മലയാളം, തമിഴ് മീഡിയം ക്ലാസുകളുണ്ടായിരുന്നു.

അഞ്ചുവര്‍ഷത്തിനിടെ വിദ്യാര്‍ഥികള്‍ വന്‍തോതില്‍ കുറഞ്ഞു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 25 അധ്യാപകരുണ്ട്. ഉത്തരവനുസരിച്ച് പുതിയ പ്രവേശനം നിര്‍ത്തലാക്കുന്നതോടെ അധികം വരുന്ന അധ്യാപകരെ മാറ്റി നിയമിക്കാന്‍ നടപടിയുണ്ടാകും. പ്രവേശനം നിര്‍ത്തലാക്കുന്ന കാര്യം രക്ഷാകര്‍തൃ സമിതി മുഖേന എല്ലാവരെയും അറിയിക്കണമെന്നും മുഴുവന്‍ വിദ്യാര്‍ഥികളെയും 2019–20 അധ്യയനവര്‍ഷത്തോടെ മാറ്റാന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്.