വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഇരുഹറമുകളിലും വിശ്വാസികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു

May 28, 2019 0 By Editor

വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഇരുഹറമുകളിലും വിശ്വാസികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു. ഹറമുകളില്‍ പ്രാര്‍ത്ഥനകള്‍ക്കും രാത്രിയിലെ പ്രത്യേക നമസ്‌കാരങ്ങള്‍ക്കുമായി ലക്ഷകണക്കിന് വിശ്വാസികളാണ് ഹറമുകളിലേക്കെത്തുന്നത്. വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഇരുഹറമുകളിലും വിശ്വാസികളുടെ അത്ഭുതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. തറാവീഹ് നമസ്‌കാരത്തിന് പുറമെ പ്രാര്‍ത്ഥനകള്‍ക്കും രാത്രിയിലെ പ്രത്യേക നമസ്‌കാരങ്ങള്‍ക്കുമായി ഹറമുകളിലേക്കെത്തുന്ന വിശ്വാസികള്‍ക്ക് നിരവധി സൗകര്യങ്ങളാണ് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ താഴ്ഭാഗത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളില്‍ അരലക്ഷത്തോളം വിശ്വാസികള്‍ രാത്രി മുഴുവന്‍ പ്രാര്‍ത്ഥനകളോടെ കഴിച്ചുകൂട്ടുന്നുണ്ട്. നേരത്തെ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് സൗകര്യങ്ങളേര്‍പ്പെടുത്തിയത്. ഇഹ്‌റാം വസ്ത്രം, മുസല്ല, തലയിണ, ബെഡ്ഷീറ്റ്, സോപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. വിശ്രമിക്കുന്നതിനായി പ്രത്യേകമായ സ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് നോമ്പ് തുറക്ക് പുറമെ അത്താഴവും ഒരുക്കിയിട്ടുണ്ട്. സാധനങ്ങള്‍ സൂക്ഷിക്കാനായി ലോക്കറുകളും അനുവദിച്ചിട്ടുണ്ട്. ഹറമുകളില്‍ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതോടൊപ്പം സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.