മകന്റെ വിവാഹം: ലാലു പ്രസാദ് യാദവിന് പരോള്‍

മകന്റെ വിവാഹം: ലാലു പ്രസാദ് യാദവിന് പരോള്‍

May 9, 2018 0 By Editor

പാറ്റ്‌ന: കാലിത്തീറ്റ കുംഭക്കോണക്കേസില്‍ ജയിലില്‍ കഴിയുന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്‍. മകന്‍ തേജ്പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

മെയ് 12 ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനാണ് ലാലുവിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. മെയ് 10 മുതല്‍ 14 വരെയാണ് പരോള്‍ കാലാവധി. കാലീത്തീറ്റ കുംഭക്കോണക്കേസില്‍ കോടതി ശിക്ഷിച്ച ലാലു ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാലിത്തീറ്റ കുംഭകോണത്തില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. മുഖ്യമന്ത്രിയായിരിക്കെ രണ്ടാം കാലിത്തീറ്റ കുംഭകോണത്തില്‍ 89 ലക്ഷം രുപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ലാലുപ്രസാദ് യാദവിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ജനുവരി മൂന്നിന് ശിക്ഷ വിധിക്കുന്നതുവരെ ലാലുവിനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. കേസില്‍ ലാലുപ്രസാദ് കുടാതെ 15 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.

കേസില്‍ ആരോപണവിധേയനായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയുള്‍പ്പടെ 6 പേരേ കോടതി വെറുതെവിട്ടിരുന്നു.

2013 ലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ കുറ്റക്കാരനാക്കി ആദ്യ വിധിവന്നത്. അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് അന്ന് വിധിച്ചത്. രണ്ടാമത്തെ കേസില്‍ ഈ വര്‍ഷം ജനുവരി അഞ്ചിന് മൂന്നര വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടി. ജനുവരി 24ന് മൂന്നാമത്തെ കേസില്‍ ലാലുവിനും ജഗന്നാഥ് മിശ്രയ്ക്കും അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന ലാലുവിനെ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദ്രോഗ വിഭാഗത്തിന് കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.