ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ശരവണ ഭവന്‍ ഉടമ രാജഗോപാല്‍ മരിച്ചു

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ശരവണ ഭവന്‍ ഉടമ രാജഗോപാല്‍ മരിച്ചു

July 18, 2019 0 By Editor

ചെന്നൈ: ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമയും കുപ്രസിദ്ധമായ ശാന്തകുമാര്‍ കൊലക്കേസ് പ്രതിയുമായിരുന്ന പി.രാജഗോപാല്‍ അന്തരിച്ചു. പുഴൽ സെൻട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇദ്ദേഹത്തിന്‍റെ മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണച്ച മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി.  ഇതേ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രാജഗോപാലിന് അവിടെ വച്ച് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇന്ന് രാവിലെയോടെ രാജഗോപാല്‍ മരണപ്പെടുകയായിരുന്നു.


ഭാര്യയെ തട്ടിയെടുക്കാന്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ശരവണഭവനിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്തിയതാണ് രാജഗോപാലിനെതിരായ കേസ്. ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ വിവാഹം കഴിക്കാനായിരുന്നു കൊലപാതകം.

ആരോഗ്യസ്ഥിതി മോശമാണെന്നും ജീവപര്യന്തം ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് 9ന് രാജഗോപാല്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം നിരസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം മദ്രാസ് ഹൈക്കോടതിയിലെത്തി കീഴടങ്ങിയത്.