
ഐഎസ്ഒ ഗ്രാമപഞ്ചായത്തായി കിഴക്കോത്ത്
May 9, 2018താമരശേരി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിനെ ഐഎസ്ഒ 9001 ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് സുതാര്യവും സമയബന്ധിതവുമായി സേവനങ്ങള്‍ ലഭ്യമാക്കുന്ന വിധത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് ഐഎസ്ഒ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചത്.
പ്രഖ്യാപനം ജില്ലാ കളക്ടര്‍ യു.വി. ജോസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. ഉസയിന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ സംഭാവന പിവിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.വി. ഷാഹുല്‍ഹമീദില്‍ നിന്നും സ്വീകരിച്ച് കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സെക്രട്ടറി പി. രാമചന്ദ്രനുള്ള ഉപഹാരവും കളക്ടര്‍ വിതരണം ചെയ്തു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ നിന്നും കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി ഉന്നത വിജയം കരസ്ഥമാക്കിയ എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ പന്നൂര് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും അനുമോദിച്ചു.
ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുത്ത വി. നസീറിനും മികച്ച കൃഷി അസിസ്റ്റന്റായി തെരെഞ്ഞെടുത്ത കെ.കെ. ജാഫറിനുമുള്ള ഉപഹാരം കളക്ടര്‍ വിതരണം ചെയ്തു. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും യോഗത്തില്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മെംബര്‍ എം.എ. ഗഫൂര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മൈമൂന ഹംസ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ കെ.കെ. ജബ്ബാര്‍, വി.എം. മനോജ്, ശ്രീജ സത്യന്‍, ഗ്രാമപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ചെമ്മല, കിഴക്കോത്ത് വില്ലേജ് ഓഫീസര്‍ പി. രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പി. നഫീസ, സെക്രട്ടറി പി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.