
ജോണ്‍ ബ്രിട്ടാസിന്റെ മരടിലെ ഫ്ളാറ്റ് സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
October 31, 2019തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവ് ജോണ്‍ ബ്രിട്ടാസിന്റെ മരടിലെ ഫ്ളാറ്റ് സംബന്ധിച്ച ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി സര്‍ക്കാരും മുഖ്യമന്ത്രിയും.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മരടിലെ വിവാദ ഫ്ളാറ്റില്‍ വീടു വാങ്ങിയിട്ടുണ്ടോ എന്നാണുകോണ്ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി നിയമസഭയില്‍ ചോദ്യമുന്നയിച്ചത്. ഇതോടു പ്രതികരിക്കവെ, ഏതു മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ഏതു മുഖ്യമന്ത്രിയെന്നു വ്യക്തമല്ലാത്തതിനാല്‍ മറുപടി നല്കാന് കഴിയില്ലെന്നും പിണറായി വിജയന്റെ ഓഫീസ് രേഖാമൂലം മറുപടി നല്കി. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് മാധ്യമ ഉപദേഷ്ടാക്കള്‍ ഇല്ലെന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ ബ്രിട്ടാസിന്റെ പേര് നിയമസഭാ രേഖയില്‍ വരുന്നത് ഒഴിവാക്കാനായിരുന്നു പിണറായിയുടെ ബോധപൂര്‍വ്വമുള്ള ശ്രമമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
അതേസമയം മരടില്‍ തന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി ജോണ്‍ ബ്രിട്ടാസ് രംഗത്തെത്തിയിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥയായ ഭാര്യയും താനും ഉത്തരേന്ത്യയില്‍ നിന്നു കേരളത്തിലേക്കു മടങ്ങിയപ്പോഴാണ് മരടിലെ ഫ്ളാറ്റ് ബുക്ക് ചെയ്തത്. ഫെഡറല്‍ ബാങ്കില്‍ നിന്നു വായ്പയെടുത്താണ് ഫ്ളാറ്റ് വാങ്ങിയതെന്നും ബാങ്കിന്റെ അംഗീകാരമുള്ളതിനാല്‍ മറ്റു കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.