അഭിമാന പരീക്ഷണത്തിനൊരുങ്ങി നാസ: ചൊവ്വയിലെ ആകാശ ദൃശ്യങ്ങള്‍ക്കായി മാര്‍സ് ഹെലികോപ്റ്റര്‍
ചൊവ്വാ ഉപരിതലത്തില്‍ മനുഷ്യരെ ഇറക്കാനുള്ള ഒരുക്കത്തിലാണ് നാസ. എന്നാല്‍ അതിനും മുമ്പ് തന്നെ ചൊവ്വയ്ക്ക് മുകളിലൂടെ ഡ്രോണ്‍ പറത്താനൊരുങ്ങുകയാണ് നാസ. മാര്‍സ് ഹെലികോപ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞന്‍ ഉപകരണം ചുവന്ന ഗ്രഹത്തിന് വേണ്ടി പ്രത്യേകം രൂപകല്പ്പന ചെയ്തതാണ്. 2020 ലെ അടുത്ത റോവര്‍ പദ്ധതിയില്‍ മാര്‍സ് ഹെലികോപ്റ്ററും ഉള്‍പ്പെടുത്തും.
ചൊവ്വാഗ്രഹത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാണ് ഈ ഡ്രോണ്‍ ഉപയോഗപ്പെടുത്തുക. 1.8 കിലോഗ്രാം ഭാരമുള്ള ഈ ഡ്രോണ്‍ ഏറെ ശ്രമകരവും എന്നാല്‍ ഏറെ പ്രയോജനകരവുമായ പദ്ധതിയാണെന്ന് നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു.
ചൊവ്വായിലെ കുന്നുകള്‍ക്കപ്പുറത്ത് എന്താണുള്ളതെന്ന് മനസിലാക്കേണ്ടത് ഭാവി അന്വേഷണങ്ങള്‍ക്ക് ആവശ്യമാണെന്ന് നാസയുടെ സയന്‍സ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ തോമസ് സര്‍ബചെന്‍ പറഞ്ഞു.
ആദ്യശ്രമത്തില്‍ ഡ്രോണ്‍ പരീക്ഷണം പരാജയപ്പെട്ടാലും 2020 ലെ മാര്‍സ് റോവര്‍ പദ്ധതിയെ അത് ബാധിക്കില്ല. 90 സെക്കന്റ് നേരമായിരിക്കും മാര്‍സ് ഹെലികോപ്റ്റര്‍ ഓരോ തവണയും പറക്കുക. സോളാര്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവറില്‍ നിന്നും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. നിരവധി പ്രകാശ വര്‍ഷങ്ങള്‍ അകലെയായതിനാല്‍ ഭൂമിയില്‍ നിന്നും ഡ്രോണിനെ നിയന്ത്രിക്കുക പ്രായോഗികമല്ലെന്നും നാസയിലെ വിദഗ്ദര്‍ പറയുന്നു.