പതിനാറുകാരനായ കെഎസ്‌യു പ്രവര്‍ത്തകനു നേരെ സിപിഎംക്കാരുടെ മര്‍ദ്ദനം: പ്രതിഷേധവുമായി കോണ്‍ഗ്രസ്

May 13, 2018 0 By Editor

നാദാപുരം: സിപിഎം, ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പുറമേരി പഞ്ചായത്തിലെ അരൂര്‍ കല്ലുന്പുറത്ത് വീണ്ടും അക്രമം.
സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പതിനാറുകാരനെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്ഗ്രസ് പ്രവര്‍ത്തകന്റെ മകനും കെഎസ്‌യു പ്രവര്‍ത്തകനുമാണ് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ഥി.

കല്ലുന്പുറത്ത് വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. മില്‍മാ ബൂത്തിനടുത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സിപിഎം ഓഫീസിനടുത്തേക്ക് കൂട്ടി കൊണ്ടു പോയി രണ്ടു പേര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ഫേസ് ബുക്കില്‍ യുവാക്കള്‍ കോണ്ഗ്രസില്‍ അണി ചേരുകയെന്ന് പോസ്റ്റിട്ടതെന്തിനെന്ന് ചോദിച്ചാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയില്‍ നിന്ന് ചൈല്‍ഡ് ലൈന്‍ ഓഫീസര്‍ സിബി ജോസ് മൊഴി എടുത്തു. നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ യുഡിഎഫ് പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, കെപിസിസി മെംബര്‍ വി.എം. ചന്ദ്രന്‍, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി. അബ്ദുറഹിമാന്‍, വി.പി. കുഞ്ഞമ്മദ്, മരക്കാട്ടേരി ദാമോദരന്‍, പി. അജിത്ത്, പി.പി.റഷീദ്, എം.എ. ഗഫൂര്‍, യൂത്ത് കോണ്ഗ്രസ് വടകര പാര്‍ലിമെന്റ് കമ്മറ്റി സെക്രട്ടറിമാരായ വി.പി. ഷൈജിത്ത്, മലോല്‍ ബവിത്ത് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി.