
ഫേസ്ബുക്കിലൂടെ സൈന്യത്തെയും മിലിറ്ററി പരേഡിനേയും അധിക്ഷേപിച്ച സംഭവത്തില്‍ എസ്. ഹരീഷിനെതിരെ കര്‍ശന നടപടിക്ക് കേന്ദ്ര അഭ്യന്തരമന്ത്രാലയം
May 25, 2020തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സൈന്യത്തെയും മിലിറ്ററി പരേഡിനേയും അധിക്ഷേപിച്ച സംഭവത്തില്‍ എഴുത്തുകാര്‍ എസ്. ഹരീഷിനെതിരേ കര്‍ശന നടപടിക്ക് കേന്ദ്ര അഭ്യന്തരമന്ത്രാലയം നടപടികളാരംഭിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അശോക് കുമാര്‍പാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു പരാതി നല്‍കിയ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസിനെ അറിയിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി പരാതി കേന്ദ്ര പ്രതിരോധ സെക്രട്ടറിക്കും സംസ്ഥാന അഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്കും കേന്ദ്ര അഭ്യന്തരമന്ത്രാലയം കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ മുഖ്യമന്ത്രി ഡി ജി പിയ്ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹരീഷിന്റെ പോസ്റ്റിനെ അനുകൂലിച്ചു പോസ്റ്റിട്ടവര്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ് നിര്‍ദേശം.
സൈന്യത്തെ അവഹേളിച്ചും മിലിറ്ററി പരേഡിനെ അപമാനിച്ചും കുറിപ്പെഴുതിയ എഴുത്തുകാരന്‍ എസ്. ഹരീഷിനെതിരേ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കാണ് മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് പരാതി നല്‍കിയത്. സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യാത്ത വിഭാഗമാണ് പട്ടാളമെന്നതടക്കം ആരോപണങ്ങളാണ് ഹരീഷിന്റെ കുറിപ്പില്‍ ഉണ്ടായിരുന്നത്. ക്ഷേത്രങ്ങളേയും ഹിന്ദു സ്ത്രീകളേയും അവഹേളിച്ച മീശ എന്ന നോവലിന്റെ രചയിതാവ് കൂടിയാണ് ഹരീഷ്.