കൊല്ലത്ത് തെരുവ് നായയുടെ ശല്യം രൂക്ഷം
കൊല്ലം: കൊല്ലത്ത് തെരുവ് നായ ശല്യം രൂക്ഷം. രണ്ട് വിദ്യാര്‍ത്ഥികളെയടക്കം നിരവധി പേരെ തെരുവ് നായ കടിച്ചുകീറി. അഞ്ചാലുംമൂട് ഞാറയ്ക്കല്‍ ഭഗത്ത് നിന്ന് ആരംഭിച്ച തെരുവ് നായയുടെ ആക്രമണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വരെ നീണ്ടു. തെരുവ് നായയുടെ ആക്രമണം കണ്ട് ഭയന്ന് വഴിയാത്രക്കാര്‍ സമീപത്തെ വീടുകളിലും, കടകളിലും ഓടിക്കയറി. കണ്ണില്‍ കണ്ടവരെയല്ലാം തെരുവ് നായ ആക്രമിച്ചു.വീടിന് മുന്നില്‍ നിന്ന പത്ത് വയസുകാരി ആലിയ ബിസ്മിക്കാണ് ആദ്യം കടിയേറ്റത്.
കൈയിലേയും കാലിലെയും മാംസം തെരുവ് നായ് കടിച്ച് കീറി. പത്തോളം പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഞാറയ്ക്കല്‍ സ്വദേശി കളായ താഹ (65) ഓമന അമ്മ (60) രാജന്‍ (59)പ്രാക്കുളം സ്വദേശി ബാബു (67) പെരുമണ്‍ സ്വദേശി തുളസി ധരപിള്ള എന്നിവര്‍ക്കാണ് അഞ്ചാലുംമൂട് ഭാഗത്ത് നിന്നും തെരുവ് നായയുടെ കടിയേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
കൂടാതെ കൊട്ടാരക്കര ആവണീശ്വരത്ത് ഒമ്പതു വയസുകാരന്‍ മിഥുനും തെരുവ് നായയുടെ കടിയേറ്റു. വീടിന് മുന്നില്‍ കളിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു തെരുവ് നായ് ആക്രമിച്ചത്. മിഥുനെയും കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.