മലപ്പുറത്ത് സ്മാര്‍ട്ടായി ബി.എസ്.എന്‍.എല്‍: കൂടുതല്‍ പ്രദേശങ്ങളില്‍ 4ജി
മലപ്പുറം: ബി.എസ്.എന്‍.എല്‍ 4ജി സര്‍വിസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സെപ്റ്റംബര്‍ 26 മുതല്‍ മലപ്പുറം നഗരത്തിലും പരിസര പ്രദേശങ്ങളായ കൂട്ടിലങ്ങാടി, പടിഞ്ഞാറ്റുംമുറി ഭാഗങ്ങളിലും സേവനം ലഭ്യമാവും.മലപ്പുറം മുതല്‍ പുളിക്കല്‍ വരെയുള്ള ദേശീയപാതയിലും കരിപ്പൂര്‍ വിമാനത്താവള പരിസരങ്ങളിലും ഒക്ടോബര്‍ ഒന്നോടെ വേഗം കൂടിയ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അറവങ്കര, പൂക്കോട്ടൂര്‍, വള്ളുവമ്പ്രം , മോങ്ങം, മൊറയൂര്‍, കൊണ്ടോട്ടി, എയര്‍പോര്‍ട്ട് ജങ്ഷന്, പുളിക്കല്‍ എന്നീ പ്രദേശങ്ങളെല്ലാം ഈ പരിധിയിലാണുള്ളത്. മഞ്ചേരി മുതല്‍ മലപ്പുറംവരെയും എടവണ്ണ, പാണ്ടിക്കാട് ഭാഗങ്ങളിലും സെപ്റ്റംബര്‍ 30നുള്ളില്‍ 4ജി കിട്ടി തുടങ്ങും.മറ്റു ഭാഗങ്ങളിലേക്കും വൈകാതെ സര്‍വിസ് വ്യാപിപ്പിക്കും. നിലവില്‍ 3ജി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ തിരിച്ചറിയല്‍ രേഖകളുമായി ബി.എസ്.എന്‍.എല്‍ ഓഫിസുകളിലോ ശാഖകളിലോ എത്തിയാല്‍ അവര്‍ക്ക് 4ജി സിമ്മുകള്‍ നല്‍കും.62 ടവറുകളുടെ പരിധിയിലാണ് 4ജി സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. നിലമ്പൂർ , എടക്കര, വണ്ടൂര്‍ ഭാഗങ്ങളിലാണ് നിലവില്‍ 4ജി സിം സേവനം ലഭ്യമാവുന്നത്.