ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യാതെ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഒന്നിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഇത് വോട്ട് തട്ടാനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ്?
തിരുവനന്തപുരം: വോട്ടു തട്ടുന്നതിന് വേണ്ടി എട്ടു മാസക്കാലത്തോളം കുഞ്ഞുങ്ങളുടെ അന്നം മുടക്കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യാതെ പൂഴ്ത്തി വച്ച ശേഷം വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഒന്നിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഇത് വോട്ട് തട്ടാനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ്? പിഞ്ചു കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തങ്ങള്‍ക്ക് വോട്ട് കിട്ടിയാല്‍ മതിയെന്ന് കരുതുന്ന ക്രൂരമായ മനോനിലയിലാണ് മുഖ്യമന്ത്രി എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുന്‍യു.പി.എ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഭക്ഷ്യസുരക്ഷാ പദ്ധതി അനുസരിച്ചുള്ള ഭക്ഷ്യധാന്യമാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമൊന്നുമല്ല. കുട്ടികളുടെ അവകാശമാണ്. അതാണ് സംസ്ഥാന സര്‍ക്കാര്‍ വോട്ട് തട്ടാനായി എട്ടുമാസത്തോളം നിഷേധിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഭക്ഷ്യധാന്യം പൂഴ്ത്തി വച്ചത് എന്തിന് എന്നതിന് മുഖ്യമന്ത്രി മറുപടി നല്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്നാണ്. അതിനെന്താ കുഴപ്പമെന്നും ചെന്നിത്തല ചോദിച്ചു.