കോണ്‍ഗ്രസ് തകർച്ച : എംപി സ്ഥാനം രാജിവെച്ച് മന്ത്രി കസേര സ്വപ്നം കണ്ട കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടി
കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ സഖ്യകക്ഷിയായ മുസ്ലിം ലീഗിനും കനത്ത ആഘാതമാണുണ്ടായത്. 2016നെക്കാളും സീറ്റ് പിടിച്ച് കോണ്‍ഗ്രസിനോട് നന്നായി വിലപേശാമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് ഇത്തവണ ഗോഥയിലിറങ്ങിയത് . ഇതിനായി കുഞ്ഞാലിക്കുട്ടിയെ എംപി സ്ഥാനം രാജിവെപ്പിച്ച് തിരികെ കൊണ്ടുവന്നു . സ്വമേധയോ അല്ലാതെയോ എടുത്ത തീരുമാനങ്ങളുടെ ഫലമായി വേങ്ങരയിലേക്ക് കുഞ്ഞാലിക്കുട്ടിയെത്തി. വെറും എം.എല്‍.എയല്ല, മന്ത്രിസ്ഥാനം ഉറപ്പിച്ചായിരുന്നു ഈ വരവ്.
ലീഗിന്റെ സാധാരണ സ്വഭാവത്തെ അട്ടിമറിച്ചാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കാല്‍നൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാര്‍ത്ഥി, പത്ത് പുതുമുഖങ്ങള്‍ തുടങ്ങിയ കേരളാ രാഷ്ട്രീയത്തില്‍ ഞെട്ടലുണ്ടാക്കിയ തീരുമാനങ്ങള്‍. കാര്യങ്ങള്‍ അനുകൂലമായാല്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ആഭ്യന്തരം ചോദിച്ചുവാങ്ങാന്‍ പോലും മടിയില്ലാത്ത രീതിയിലുള്ള വളര്‍ച്ചയായിരുന്നു കുഞ്ഞാലിക്കുട്ടി ലക്ഷ്യം വെച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ യുഡിഎഫ് കനത്ത തോല്‍വിയേറ്റുവാങ്ങി. ലീഗാവട്ടെ 15 സീറ്റുകളിലൊതുങ്ങുകയും ചെയ്തു. യു.ഡി.എഫില്‍ കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളെക്കാള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെങ്കിലും 15 വര്‍ഷത്തിന് ശേഷം മുസ്ലിം ലീഗിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണത്തേത്.ഇതോടെ തന്നെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു, എല്ലാ മോഹങ്ങളും അടക്കിവെക്കേണ്ട അവസ്ഥയിലാണ് ലീഗിന്റെ പ്രമുഖര്‍.
സ്ഥാനാര്‍ഥി നിര്‍ണയവും തോല്‍വിക്ക് ആക്കംകൂട്ടിയെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെ കോഴിക്കോട് സൗത്തില്‍ മത്സരിപ്പിക്കാതെ താനൂരില്‍ നിര്‍ത്തിയ തീരുമാനം തെറ്റായി. അബ്ദുറഹിമാന്‍ രണ്ടത്താണിയെ തന്നെ താനൂരില്‍ നിര്‍ത്തിയിരുന്നെങ്കില്‍ മണ്ഡലം എളുപ്പത്തില്‍ പിടിച്ചെടുക്കാമായിരുന്നു. നൂര്‍ബിന റഷീദിനെ പേരാമ്പ്രയില്‍ മത്സരിപ്പിക്കണമായിരുന്നുവെന്നും പറയുന്നു.