ബംഗളൂരുവിലും ഓക്സിജൻ തീരുന്നുവെന്ന് ആശുപത്രികൾ

ബംഗളൂരുവിലും ഓക്സിജൻ തീരുന്നുവെന്ന് ആശുപത്രികൾ

May 4, 2021 0 By Editor

ബെംഗളൂരു: ബെംഗളൂരുവിലും ഓക്സിജൻ തീരുന്നതായി ആശുപത്രികൾ. ഓക്സിജൻ ഉടൻ തീരുമെന്ന മുന്നറിയിപ്പുമായി 2 ആശുപത്രികളാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമവും കോവിഡ് രോഗികളുടെ ശ്വാസംമുട്ടി മരണങ്ങളും വ്യാപക ചർച്ചയായതിനിടെയാണിത്. ഓക്സിജൻ തീരുകയാണെന്ന അറിയിപ്പാണ് മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയും ആർടി നഗറിലെ മെഡാക്സ് ആശുപത്രിയും പങ്കുവച്ചത്.

എന്നാൽ ഓക്സിജൻ ക്ഷാമത്തെ തുടർന്നു, കോവിഡ് ബാധിതരുടെ ശ്വാസംമുട്ടിയുള്ള മരണങ്ങൾ ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന നിലപാടിലാണ് സർക്കാർ. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ചാമരാജ്നഗറിലെ 24 മരണങ്ങൾക്കു പുറമേ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 7 സമാന മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച കലബുറഗി ഖ്വാജ ബണ്ഡ നവാസ് ആശുപത്രിയിൽ 3 പേരും 27ന് കോലാർ എസ്എൻആർ ജില്ലാ ആശുപത്രിയിൽ 4 പേരുമാണ് ശ്വാസംമുട്ടി മരിച്ചത്.

ചാമരാജ്നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പകുതി മരണങ്ങളും ഓക്സിജൻ ക്ഷാമം കാരണമല്ലെന്നു സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് ജില്ലാ അധികൃതർ. കോവിഡ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ് മരിച്ചവരിലേറെയുമെന്ന് അവർ വാദിക്കുന്നു. എന്നാൽ ശ്വാസംമുട്ടി പിടയുന്ന സാഹചര്യത്തിലും ഇവരെ രക്ഷിക്കാൻ വേണ്ട ഒരു നടപടിയും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കർണാടകയിലേക്ക് പ്രത്യേക ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തണമെന്ന് റെയിൽവേ ബോർഡിന് ചീഫ് സെക്രട്ടറി കത്തയച്ചിരിക്കുകയാണ്. ഓക്സിജൻ ടാങ്കറുകൾ ഇറക്കാൻ വേണ്ട സൗകര്യം വൈറ്റ്ഫീൽഡ്, ദൊഡ്ഡബല്ലാപുര സ്റ്റേഷനുകളിൽ ക്രമീകരിച്ചിട്ടുണ്ട്. ഒഡീഷയിലെ കലിഗനഗർ, വിശാഖപട്ടണം സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നിറച്ച ടാങ്കർ ലോറികളാണ് റോ-റോ മാതൃകയിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് റെയിൽവേ എത്തിക്കുന്നത്. നിലവിൽ റോഡ് മാർഗമാണ് ലോറികളിൽ ഓക്സിജൻ എത്തിക്കുന്നത്. ഇതിന് കൂടുതൽ സമയം വേണ്ടിവരുന്ന സാഹചര്യത്തിലാണ് കർണാടക റെയിൽവേയുടെ സഹായം തേടിയത് .