കെ.ആർ.ഗൗരിയമ്മ അന്തരിച്ചു; ഓർമയായത് കേരളത്തിലെ വിപ്ലവ ജ്വാല

കെ.ആർ.ഗൗരിയമ്മ അന്തരിച്ചു; ഓർമയായത് കേരളത്തിലെ വിപ്ലവ ജ്വാല

May 11, 2021 0 By Editor

തിരുവനന്തപുരം: വിപ്ലവ നക്ഷത്രം കെ. ആര്‍ ഗൗരിയമ്മ(101) അന്തരിച്ചു. കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു.ഇരുപത്തിയെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം. ഒളിവു ജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങളിലൊന്നായി ഗൗരിയമ്മ രൂപപ്പെട്ടത്. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്കരണ നിയമം അടക്കമുള്ള നിർണായക ചുവടുകൾ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്.

ചേർത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ സ്വാധീനത്താൽ വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്. ആറുതവണ മന്ത്രിയായി. സിപിഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങളും നേതൃത്വവുമായുള്ള പിണക്കവും മൂലം 1994 ജനുവരി ഒന്നിന് ഗൗരിയമ്മ സിപിഎമ്മില്‍നിന്നു പുറത്തായി. തുടര്‍ന്നു ജെഎസ്എസ് രൂപീകരിച്ചു. യുഡിഎഫിലായിരുന്ന അവര്‍ 2016-ല്‍ യുഡിഎഫുമായി ഇടഞ്ഞു മുന്നണി വിട്ടു. അവസാന കാലത്ത് സിപിഎമ്മുമായി അടുപ്പം പുലർത്തിയിരുന്നു.

നൂറ്റാണ്ടു പിന്നിട്ട കമ്യൂണിസ്റ്റ് ഇതിഹാസമാണ് വിടവാങ്ങിയത്. ത്യാഗനിര്‍ഭരമായ ആ ജീവിതം ഇനി ചരിത്രത്തിന്റെ ഭാഗം. സംസ്‌കാരം ആലപ്പുഴ വലിയചുടുകാട്ടില്‍.