മണപ്പുറം ഫിനാന്‍സിന് 1,724.95 കോടി രൂപയുടെ അറ്റാദായം, റെക്കോര്‍ഡ് വര്‍ധന

കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 1,724.95 കോടി രൂപയുടെ അറ്റാദായം. എക്കാലത്തേയും ഉയര്‍ന്ന വാര്‍ഷിക…

കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 1,724.95 കോടി രൂപയുടെ അറ്റാദായം. എക്കാലത്തേയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായമാണിത്. ഇത്തവണ 16.53 ശതമാനമാണ് വാര്‍ഷിക വര്‍ധന. 2021 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 468.35 കോടി രൂപയുടെ അറ്റാദായവും നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 398.20 കോടി രൂപയായിരുന്നു ഇത്.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 15.83 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ 5,465.32 കോടി രൂപയില്‍ നിന്നും ഇത്തവണ 6,330.55 കോടി രൂപയിലെത്തി. സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ നികുതി ഉള്‍പ്പെടെയുള്ള ലാഭം (PBT) 622.08 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 534.07 കോടി രൂപയായിരുന്നു. നികുതി ഉള്‍പ്പെടെയുള്ള വരുമാനം 15.38 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി മുന്‍ സാമ്പത്തിക വര്‍ഷം 2,007.29 കോടി രൂപയില്‍ നിന്നും ഇത്തവണ 2,316.03 കോടി രൂപയായി ഉയര്‍ന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ ഇടക്കാല ഡിവിഡന്റ് വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

'മഹാമാരി ബാധിച്ച ഈ വര്‍ഷത്തിലൂടനീളം നേരിടേണ്ടി വന്ന വിവിധ വെല്ലുവിളികള്‍ക്കിടയിലും ഞങ്ങളുടെ ഈ പ്രകടനം തൃപ്തികരമാണ്. ലോക്ഡൗണ്‍, തുടര്‍ന്ന് സാമ്പത്തിക രംഗത്തും ഉപഭോഗത്തിലുമുണ്ടായ മന്ദഗതി, സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടങ്ങി പല തടസ്സങ്ങളേയും വകഞ്ഞുമാറ്റി, ബിസിനസിലും ലാഭസാധ്യതയിലും കാര്യമായ വളര്‍ച്ചയോടെ മികച്ച വാര്‍ഷിക പ്രകടനം കാഴ്ചവെക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു,'- മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഓയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.

ഗ്രൂപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും ആകെ ആസ്തി 7.92 ശതമാനം വര്‍ധിച്ച് 27,224.22 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 25,225.20 കോടി രൂപയായിരുന്നു. 12.44 ശതമാനം വര്‍ധിച്ച് 19,077.05 കോടി രൂപയിലെത്തിയ സ്വര്‍ണ വായ്പാ വിതരണത്തിലെ വളര്‍ച്ചയുടെ പിന്‍ബലത്തിലാണ് ഈ ആസ്തി വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,63,833.15 കോടി രൂപയുടെ സ്വര്‍ണ വായ്പകള്‍ വിതരണം ചെയ്തു. മുന്‍ വര്‍ഷം ഇത് 1,68,909.23 കോടി രൂപ ആയിരുന്നു. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 25.9 ലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

കമ്പനിയുടെ മൈക്രോഫിനാന്‍സ് സബ്‌സിഡിയറി ആയ ആശീര്‍വാദ് മൈക്രോഫിനാന്‍സും നല്ല വളര്‍ച്ച രേഖപ്പെടുത്തി. ആശീര്‍വാദിന്റെ മൊത്തം ആസ്തി 5,502.64 കോടി രൂപയില്‍ നിന്ന് 5,984.63 കോടി രൂപയായി വര്‍ധിച്ചു. 8.76 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി 1,052.56 കോടി രൂപയാണ്. മഹാമാരി കാരണമുണ്ടായ വിപണി മാന്ദ്യം കാരണം 21.70 ശതമാനം കുറവുണ്ടായി. ഭവന വായ്പാ വിഭാഗത്തിന്റെ ആസ്തി മുന്‍ വര്‍ഷത്തെ 629.61 കോടിയില്‍ നിന്ന് 666.27 കോടി രൂപയിലുമെത്തി. കമ്പനിയുടെ മൊത്തം ആസ്തിയില്‍ 30 ശതമാനം സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്.

2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സബ്‌സിഡിയറികള്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ ആസ്തി മൂല്യം 7,307.43 കോടി രൂപയാണ്. പ്രതി ഓഹരിയുടെ ബുക് വാല്യൂ 86.34 രൂപയാണ്. പ്രതി ഓഹരി നേട്ടം 20.40ഉം മൂലധന പര്യാപ്തതാ അനുപാതം ഉയര്‍ന്ന നിരക്കായ 28.88 ശതമാനവുമാണ്. 2021 മാര്‍ച്ച് 31 പ്രകാരം കമ്പനിയുടെ അറ്റ നിഷ്‌ക്രിയ ആസ്തി 1.53 ശതമാനവും മൊത്ത നിഷ്‌ക്രിയ ആസ്തി 1.92 ശതമാനവുമാണ് രേഖപ്പെടുത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story