പിഞ്ചുകുഞ്ഞിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം:ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല
കൊല്ലം: കരിയിലക്കൂട്ടത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ വൻ ദുരൂഹത. കുഞ്ഞിന്റെ അമ്മയായ രേഷ്മയെ സഹായിച്ചു എന്ന സംശയത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍ അറസ്റ്റിലായ രേഷ്‌മയുടെ ബന്ധുക്കളായ 23ഉം 22ഉം വയസ് പ്രായമുള്ള യുവതികളെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്.ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇവരെ കാണാതായത്.
ഇവര്‍ ഇത്തിക്കരയാറിന് സമീപത്ത് കൂടി പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കാണാതായ യുവതികള്‍ക്കായി ഇത്തിക്കരയാറ്റില്‍ തിരച്ചില്‍ നടത്തുകയാണ്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്‌മ ആണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.രേഷ്മക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഭര്‍ത്താവില്‍ നിന്നുതന്നെയാണ് ഗര്‍ഭം ധരിച്ചതെന്നും രണ്ടാമതൊരു കുട്ടി ഉണ്ടാകുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നെന്നും രേഷ്മ മൊഴിനല്‍കി. ഒരു കുട്ടികൂടി ആയാല്‍ സാമ്പത്തിക ബാധ്യത താങ്ങാനാകില്ലെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നതായും അതിനാല്‍ ഗര്‍ഭം എല്ലാവരില്‍നിന്നും മറച്ചുവെച്ചുവെന്നും യുവതി പറഞ്ഞു.
ഫേസ്‌ബുക്കില്‍ പരിചയപ്പെട്ട കാമുകന്‍റെ നിര്‍ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്‌മ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. യുവതി ഗര്‍ഭിണിയായതും പ്രസവിച്ച വിവരവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.