പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ച് കൊന്നു; മകൾക്ക് പരിക്ക്
ജമ്മുകശ്‌മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾക്കും ഗുരുതരമായി പരിക്കേറ്റു. ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി.ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. സ്പെഷ്യൽ പൊലീസ് ഓഫീസറായാണ് ഫയാസ് പ്രവർത്തിച്ചിരുന്നത്. ഭീകരരെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും അതിനായി ഗ്രാമീണരെ ഒപ്പം നിർത്താനും ഒക്കെയാണ് കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
അതേസമയം ഇന്നലെ ജമ്മു വ്യോമകേന്ദ്രത്തില്‍ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് ജമ്മു കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് സ്ഥിരീകരിച്ചു. ജമ്മുവിലെ കൂടുതൽ സ്ഥലങ്ങളിൽ ഭീകരർ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും ദിൽബാഗ് സിങ്ങ് വ്യക്തമാക്കി. ആറു കിലോ സ്‌ഫോടക വസ്തുക്കൾ ജമ്മു പൊലീസ് കണ്ടെടുത്തതായാണ് വിവരം.