കോവിഷീല്‍ഡും കൊവാക്സിനും ഒരേ വ്യക്തിക്ക്; വാക്സിന്‍ മിക്സിങ് പരീക്ഷണത്തിന് ഒരുങ്ങി ഇന്ത്യ
ഡൽഹി: ഒരാള്‍ക്ക് വ്യത്യസ്ത വാക്സിനുകള്‍ നല്‍കുന്ന വാക്സിന്‍ മിക്സിങ്ങിന്റെ സാധ്യത പരിശോധിക്കാനുള്ള നിർണായക നീക്കവുമായി ഇന്ത്യ. ആദ്യ ഡോസായി നല്‍കിയ വാക്സിനു പകരം മറ്റൊരു വാക്സിന്‍ രണ്ടാം ഡോസായി നല്‍കുന്നതാണ് വാക്സിൻ മിക്സിങ്. ഇന്ത്യയില്‍ നല്‍കി വരുന്ന കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയില്‍ ഈ പരീക്ഷണം നടത്താനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് കീഴിലെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. വാക്സിൻ മിക്സിങ്ങിന്റെ സാധ്യത പരിഗണിക്കുമ്പോൾ പാർശ്വഫല സാധ്യത, കാലാവധി, ആവശ്യമുള്ള ശീതീകരണം എന്നിവയൊക്കെ പരിഗണിക്കും. വ്യത്യസ്ത വാക്സിനുകൾ നൽകുന്നത് മെച്ചപ്പെട്ട പ്രതിരോധശേഷി ഉണ്ടാകാൻ സഹായിക്കുമെന്നാണ് നിഗമനം. ഒരു വാക്സീന്റെ ആദ്യ ഡോസ് എടുത്തയാൾക്കു പാർശ്വഫലം റിപ്പോർട്ട് ചെയ്താൽ മറ്റൊരു വാക്സീൻ കൊണ്ടു കുത്തിവയ്പ് പൂർത്തിയാക്കാൻ കഴിയുമെന്ന സാധ്യതയുമുണ്ട്.