വാരിയം കുന്നനെയും ആലി മുസ്ല്യാരെയും സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കുന്നു

വാരിയം കുന്നനെയും ആലി മുസ്ല്യാരെയും സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കുന്നു

August 23, 2021 0 By Editor

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐ സി എച്ച്‌ ആര്‍) സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന്  വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ ഉള്‍പ്പെടയുള്ളവരെ നീക്കാന്‍ ശ്രമം. ഇവര്‍ ഉള്‍പ്പെടെ 387 രക്തസാക്ഷികളെ പട്ടികയില്‍ നിന്ന് പുറത്താക്കാനാണ് ശ്രമമെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാനല്‍ നിര്‍ദേശിച്ച പ്രകാരം രക്തസാക്ഷികളുടെ പട്ടിക പുനഃപരിശോധിച്ച്‌ പുതിയ നിഘണ്ടു ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് ഐ സി എച്ച്‌ ആര്‍ ഡയറക്ടര്‍ ജീ ഉപാധ്യായയെ ഉദ്ദരിച്ച്‌ ഹിന്ദു റിപ്പോര്‍ട്ടിലുള്ളത്. 1921ല്‍ നടന്ന മലബാര്‍ പോരാട്ടങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്നതല്ലെന്നും മത പരിവര്‍ത്തനം ലക്ഷ്യമിട്ട് നടന്ന മതമൗലികവാദി പോരാട്ടമായിരുന്നുവെന്നും വകമാറ്റിയാണ് പുതിയ നീക്കം.

സമരക്കാരുടെ മുദ്രാവാക്യം ബ്രീട്ടിഷ് വിരുദ്ധമല്ലെന്നും ദേശീയതക്ക് ചേര്‍ന്നതല്ലെന്നും സമിതി വിലയിരുത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമരമായാണ് ഐ സി എച്ച്‌ ആര്‍ മലബാര്‍ പോരാട്ടങ്ങളെ കാണുന്നത്. സമരം വിജയിച്ചിരുന്നുവെങ്കില്‍ അവിടെ ഖിലാഫത്ത് ഭരണം വരുകയും ഇന്ത്യക്ക് ആ പ്രദേശം നഷ്ടപ്പെടുമായിരുന്നെന്നും പാനല്‍ അഭിപ്രായപ്പെട്ടതായാണ് വിവരം.

ശരീഅത്ത് നിയമം നടപ്പാക്കിയ കലാപകാരിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് ഇവര്‍ ആരോപിക്കുന്നു. നിരവധി ഹിന്ദുക്കളെ അദ്ദേഹം തലവെട്ടി. മതനിരപേക്ഷ മുസ്‌ലിംകളെ പോലും അവര്‍ വിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഏറെയും ജയിലില്‍ കോളറയും മറ്റു പ്രകൃതി കാരണങ്ങളും കൊണ്ടാണ് മരിച്ചതെന്നും ഐ സി എച്ച്‌ ആര്‍ പാനല്‍ പറയുന്നു.