'അന്തർദേശീയ സ്വയംഭോഗ ദിനം' ആചരിച്ചവർ; കമ്മ്യൂണിസ്റ്റുകാരെ സുക്ഷിക്കണമെന്ന് സമസ്ത

കമ്മ്യൂണിസ് ആശയങ്ങൾക്കെതിരെ ക്യാമ്പയിൻ ആരംഭിച്ച് സമസ്ത. സ്വതന്ത്ര ലൈംഗികതയെ വരെ കമ്മ്യൂണിസ്റ്റുകാർ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമായ…

കമ്മ്യൂണിസ് ആശയങ്ങൾക്കെതിരെ ക്യാമ്പയിൻ ആരംഭിച്ച് സമസ്ത. സ്വതന്ത്ര ലൈംഗികതയെ വരെ കമ്മ്യൂണിസ്റ്റുകാർ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി.

സുന്നി മഹല്ല് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലൈറ്റ് ഓഫ് മിഹ്‌റാബ് ക്യാമ്പയിന്റെ ഭാഗമായി സുപ്രഭാതം പത്രത്തിലും ചന്ദ്രിക പത്രത്തിലും എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നുവെന്നാണ് മാർക്‌സിന്റെ വീക്ഷണം. ലിബറൽ ധാർമികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം. സ്വതന്ത്ര ലൈംഗികതയെ അവർ പ്രോത്സാഹിപ്പിക്കുന്നു.
ഇക്കഴിഞ്ഞ മെയ് ഏഴിനു കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടന ‘ അന്തർദേശീയ സ്വയംഭോഗദിനം’ സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ലേഖനത്തിൽ പറയുന്നു.

കമ്മ്യൂണിസത്തിനെതിരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ നടത്താനാണ് സമസ്തയുടെ തീരുമാനത്തിന്റെ ഭാ​ഗമായാണ് ലേഖനം. മഹല്ല് കമ്മിറ്റികൾ വഴി വിശ്വാസികളെ ബോധവത്കരിക്കാനാണ് ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത്.‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന് പേരിട്ട് നടത്തുന്ന കാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന ആളുകൾക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്.

അതിൽ യുക്തിവാദികളും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകളും ഉൾപ്പെടും. കമ്മ്യൂണിസ്റ്റ് ആശയവുമായി മുന്നോട്ടുപോകുന്ന ആളുകളുമായി ബന്ധപ്പെട്ട കാമ്പയിൻ ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനം.
കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നാണ് കുറിപ്പിൽ പറയുന്നത്. രാഷ്ട്രീയപരമായ വിയോജിപ്പല്ല, ആദർശപരമായ വിയോജിപ്പാണ് കമ്മ്യൂണിസത്തോട് ഉള്ളതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍

' സമൂഹത്തില്‍ യുക്തിവാദവും നിരീശ്വരവാദവും സ്വതന്ത്രചിന്തയും സന്നിവേശിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്ലാം വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുകയും സംഘ്പരിവാര്‍ വാദങ്ങള്‍ അതേപടി പകര്‍ത്തുകയും ചെയ്യുന്ന യുക്തിവാദികള്‍ പുതുതലമുറയില്‍ വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്. അസത്യങ്ങളും അര്‍ധസത്യങ്ങളും വിളമ്ബി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണവര്‍. ദൈവമില്ല, മതമില്ല എന്ന വാദം സ്വീകരിക്കുന്നതോടുകൂടി ആരോടും കടപ്പാടില്ലാത്ത, വ്യക്തിപരമായ നിയന്ത്രണങ്ങളില്ലാത്ത, ചിട്ടകള്‍ പാലിക്കേണ്ടതില്ലാത്ത ഒരു 'സര്‍വതന്ത്ര' ലോകമാണ് യുക്തിവാദികളും നിരീശ്വരവാദികളും സ്വതന്ത്ര ചിന്തകരും സ്വപ്നം കാണുന്നത്.

'മതം സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; എന്റെ സ്വാതന്ത്ര്യമാണ് എനിക്ക് പ്രധാനം' എന്നതാണ് അവരുടെ മുദ്രാവാക്യം. വ്യക്തിയുടെ അന്തസ്സ്, കുടുംബത്തിന്റെ കെട്ടുറപ്പ്, സമൂഹത്തിന്റെ ക്രമം എന്നിവയെ എല്ലാം ഈ കാഴ്ചപ്പാട് സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകില്ല. 'എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും' എന്ന ചിന്ത സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. സ്വന്തം മാതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്നു പരസ്യമായി പറയുന്നവരാണ് യുക്തിവാദികള്‍.

സ്വതന്ത്ര ലൈംഗികതയിലേക്കാണ് ഇത്തരം ബഹുമുഖ ചിന്തകള്‍ നയിക്കുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഇന്ന് അതിന്റെ തിക്തമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയാണ്. കുടുംബങ്ങള്‍ തകരുന്ന, വ്യഭിചാരത്തില്‍ പിറന്ന മക്കള്‍ ആള്‍ക്കൂട്ടങ്ങളില്‍ തങ്ങളുടെ പിതാക്കന്മാരെ തേടിയലയുന്ന, പിതാക്കന്മാര്‍ അറിയപ്പെടാത്ത കുട്ടികള്‍ ക്രിമിനലുകളാകുന്ന ദുരവസ്ഥ വരെ ഇവിടെയുണ്ട്. ഈ ദുര്‍ഗതി നമ്മുടെ നാടിനു വരാതിരിക്കാന്‍ കൃത്യമായ ജാഗ്രത നാം പാലിക്കേണ്ടതുണ്ട്.

മുസ്ലിംകള്‍ക്കിടയില്‍ കമ്മ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു സുതരാം വ്യക്തമാക്കിയതാണ്. 'കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു'വെന്നാണ് മാര്‍ക്സിന്റെ വീക്ഷണം. ലിബറല്‍ ധാര്‍മികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം. സ്വതന്ത്ര ലൈംഗികതയെ വരെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിനു കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന 'അന്തര്‍ദേശീയ സ്വയംഭോഗ ദിനം' സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മാന്യതയുള്ളവര്‍ പറയാന്‍പോലും താല്‍പര്യപ്പെടാത്ത കാര്യങ്ങള്‍ പൊതുഇടങ്ങളില്‍ ആഘോഷിക്കാന്‍ മടിയില്ലാത്തവിധം ഇവരുടെ മനസിനെ വികൃതമാക്കിയത് ഇത്തരം ലിബറല്‍ കാഴ്ചപ്പാടുകളാണ്. പതിയിരിക്കുന്ന അപകടമാണ് കമ്മ്യൂണിസം എന്ന് തിരിച്ചറിയാന്‍ നമുക്കു കഴിയേണ്ടതുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story