വിവാഹത്തിന് സഹായിക്കാമെന്ന് വാക്കു പറഞ്ഞവര്‍ സമയത്ത് പിന്മാറി; ബുദ്ധിമുട്ടിലായ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എംപി

വിവാഹത്തിന് സഹായിക്കാമെന്ന് വാക്കു പറഞ്ഞവര്‍ സമയത്ത് പിന്മാറി; ബുദ്ധിമുട്ടിലായ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എംപി

August 31, 2021 0 By Editor

ഏറ്റുമാനൂര്‍: സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഹീറോ തന്നെയാണ് മലയാളികളുടെ സ്വന്തം ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നത് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി എംപി. വിവാഹത്തിന് സഹായിക്കാമെന്ന് വാക്കു പറഞ്ഞവര്‍ സമയത്ത് പിന്മാറിയതോടെ ബുദ്ധിമുട്ടിലായ കുടുംബത്തിന് കൈത്താങ്ങായി എംപിയും നടനുമായ സുരേഷ് ഗോപി എത്തുകയായിരുന്നു. ഇടുക്കിയിലെ ദേവികുളം ഹൈസ്കൂളിനുസമീപം വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതിനാല്‍, പി.ഡബ്ല്യു.ഡി. ഉപേക്ഷിച്ച ഷെഡ്ഡില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന അശ്വതി അശോകിനാണ് എംപി നേരിട്ടെത്തി സഹായം നല്‍കിയത്. അശ്വതിയുടെ പിതാവ് അശോകന്‍ 21 വര്‍ഷം മുന്‍പ് മരിച്ചു. അമ്മ സരസ്വതി റിസോര്‍ട്ടില്‍ തൂപ്പ് ജോലിചെയ്താണ് കുടുംബം മുന്നോട്ടുനീങ്ങിയത്. കോവിഡ് മൂലം രണ്ടുവര്‍ഷമായി ഇവര്‍ക്ക് ജോലിയുമില്ല. വരുന്ന സെപ്റ്റംബര്‍ ഒന്‍പതിന് ആശ്വതിയുടെ വിവാഹം നിശ്ചയിച്ചു.

എന്നാല്‍ വിവാഹം നടത്താന്‍ സഹായം വാഗ്ദാനം ചെയ്തവര്‍ പിന്‍മാറിയതുമൂലം വിവാഹം നടക്കില്ല എന്ന അവസ്ഥയിലായി. പ്രതിസന്ധി മനസ്സിലാക്കിയ ദേവികുളം പോലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ സിന്ധു പുരുഷോത്തമനും എസ്‌.ഐ.അശോകനും മുഖേന സുരേഷ് ഗോപി എം.പി.യെ ഫോണ്‍ചെയ്തു കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷ്‌ഗോപി ബി.ജെ.പി. ഇടുക്കി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസ്സിലാക്കി, അശ്വതിയോട് ഏറ്റുമാനൂരിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

അടൂരില്‍നിന്നു എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് സുരേഷ് ഗോപി ഏറ്റുമാനൂരിലെത്തിയത്. തുടര്‍ന്ന് ഇവിടെ വച്ച്‌ അശ്വതിയ്ക്ക് വിവാഹത്തിന് ഒരുലക്ഷംരൂപയും സാരിയും നല്‍കി. ബി.ജെ.പി. ഇടുക്കി ജില്ലാ പ്രസിഡന്റ്‌ കെ.എസ്‌.അജി, ജനറല്‍ സെക്രട്ടറി വി.എന്‍.സുരേഷ്, സെക്രട്ടറിയും ദേവികുളം മണ്ഡലം പ്രഭാരിയുമായ കെ.ആര്‍.സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ അശോകന്‍, സിന്ധു പുരുഷോത്തമന്‍ എന്നിവരും അശ്വതിക്കൊപ്പം എത്തിയിരുന്നു.