
കോട്ടയത്ത് കുറുവാസംഘമെന്ന് സംശയം; മുന്നറിയിപ്പ്
November 28, 2021ഏറ്റുമാനൂര്‍(കോട്ടയം): അതിരമ്പുഴ തൃക്കേല്‍ ക്ഷേത്രം, മറ്റം കവല ഭാഗങ്ങളില്‍ നാട്ടുകാരെ ഭീതിപ്പെടുത്തി മോഷണസംഘങ്ങള്‍. മൂന്നുവീടുകളില്‍ മോഷണത്തിന് ശ്രമിച്ച ഇവര്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടുകാര്‍ ഉണര്‍ന്ന് ബഹളംവെച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപപ്രദേശങ്ങളില്‍നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ മൂന്നംഗസംഘമാണ് മോഷണശ്രമത്തിന് പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ തമിഴ് നാട്ടിലെ കുപ്രസിദ്ധരായ കുറുവാസംഘമാണോയെന്നും സംശയിക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഘം കവര്‍ച്ചയ്ക്കെത്തിയത്. അടിവസ്ത്രംധരിച്ച് മുഖംമൂടിയ നിലയിലായിരുന്നു ഇവര്‍. കൈയില്‍ ആയുധമുള്ളതായും സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ജനപ്രതിനിധി അടക്കമുള്ളവര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.