കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബംഗളൂരുവിലെ ഹോട്ടലിൽ ; കൂടെ രണ്ട് ആൺകുട്ടികളും; ഒരാളെ പിടികൂടി
ബംഗളൂരു : കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെ ബംഗളൂരുവിൽ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കൂടെ രണ്ട് ആൺകുട്ടികളും ഉണ്ടെന്നാണ് വിവരം. ഒരാളെ പോലീസിൽ ഏൽപ്പിച്ചു. ബാക്കി അഞ്ച് പെൺകുട്ടികളും പോലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടുവെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു.
ഇന്നലെ വൈകീട്ട് നാല് മണി മുതലാണ് പെൺകുട്ടികളെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ബംഗളൂരുവിൽ എത്തിയതായി കണ്ടെത്തി. മടിവാളയിൽ മലയാളികൾ നടത്തുന്ന സീപേൾ എന്ന ഹോട്ടലിലാണ് പെൺകുട്ടികൾ മുറിയെടുക്കാൻ എത്തിയത്.ഇവരുടെ കൂടെ രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. മാദ്ധ്യമ വാർത്തകൾ കണ്ട ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളോട് തിരിച്ചറിയൽ കാർഡ് ചോദിച്ചു. എന്നാൽ ഇതില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവർക്ക് സംശയം തോന്നിയത്. തുടർന്ന് പെൺകുട്ടികളെ അവിടെ തടഞ്ഞ് വെച്ചു. എന്നാൽ പോലീസിൽ എത്തിയപ്പോഴേക്കും അഞ്ച് പെൺകുട്ടികൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഒരാളെ പോലീസിൽ ഏൽപ്പിച്ചു. മടിവാള പോലീസും ഇത് സ്ഥിരീകരിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്നാണ് കാണാതായത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം കുട്ടികൾ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളിൽ കോണിവെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ചേവായൂർ പോലീസിൽ പരാതി ലഭിച്ചത്.