വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഢാലോചനയാവും ; ത​ന്റെ ദേഹത്ത് അന്വേഷണ ഉദ്യോഗസ്ഥർ ആരും കൈവെച്ചിട്ടില്ലെന്നും ദിലീപ് കോടതിയിൽ

വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഢാലോചനയാവും ; ത​ന്റെ ദേഹത്ത് അന്വേഷണ ഉദ്യോഗസ്ഥർ ആരും കൈവെച്ചിട്ടില്ലെന്നും ദിലീപ് കോടതിയിൽ

February 3, 2022 0 By Editor

കൊച്ചി: അന്വേഷണവുമായി പൂർണമായി സഹകരിച്ചുവെന്ന് ദിലീപ് കോടതിയിൽ. ബാലചന്ദ്ര കുമാറിന്റെ മൊഴി മാത്രം വിശ്വസിച്ച് മുന്നോട്ടു പോകരുത്. ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ചു കൊല്ലും എന്ന് പറഞ്ഞിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. ത​ന്റെ ദേഹത്ത് അന്വേഷണ ഉദ്യോഗസ്ഥർ ആരും കൈവെച്ചിട്ടില്ല. പിന്നെ അവർക്കെതിരെ എന്തിനു അങ്ങനെ പറയണം. ഇതിൽ എഫ്ഐആർ തന്നെ നിലനിൽക്കില്ലെന്നും തന്നെ അഴിക്കുള്ളിലാക്കാനുള്ള നീക്കത്തി​ന്റെ ഭാ​ഗമാണ് ഈ കേസെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.

വീട്ടിലിരുന്നു കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാവുകയെന്ന് ദിലീപ് ഹൈക്കോടതിയിൽ ചോദിച്ചു. തന്റെ വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭർത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ബി രാമൻപിള്ള ചോദിച്ചു.

ദിലീപിന്റെ വാക്കുകൾ കേട്ട് അവിടെ ഇരുന്ന ആരെങ്കിലും പ്രതികരിച്ചോ? എന്തു ധാരണയിലാണ് അവർ എത്തിയത്? ഇതൊന്നുമില്ല. പിന്നെങ്ങനെയാണ് ഗൂഢാലോചനയാവുക? അന്വേഷണ ഉദ്യോഗസ്ഥനെ ഏതെങ്കിലും ട്രക്ക് ഇടിച്ചുവീഴ്ത്തിയാലും തന്റെ ഒന്നര കോടി പോവുമല്ലോ എന്നു ദിലീപ് പറഞ്ഞതായാണ് പരാതിയിലുള്ളത്. എന്തു സംഭവിച്ചാലും അതു തന്റെ തലയിൽ വരുമെന്നു മാത്രമാണ് ദീലീപ് ഉദ്ദേശിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു. കേസിലെ പ്രധാന തെളിവായ, സംഭാഷണം റെക്കോർഡ് ചെയ്‌തെന്നു പറയുന്ന ടാബ് ബാലചന്ദ്രകുമാർ ഇതുവരെ പൊലീസിനു മുന്നിൽ ഹാജരാക്കിയിട്ടില്ല. ഇതിൽ ഇതിനകം എഡിറ്റിങ് വരുത്തിയിട്ടുണ്ടാവാം. ടാബ് പ്രവർത്തിക്കുന്നില്ലെന്നും വിവരങ്ങൾ ലാപ് ടോപ്പിലേക്കു മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാർ ഇപ്പോൾ പറയുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഒടുവിൽ പൊലീസിനു കൈമാറിയ പെൻ ഡ്രൈവിൽ ഉള്ളത് മുറി സംഭാഷണങ്ങൾ മാത്രമാണ്. സംഭാഷണങ്ങളിൽ നല്ലൊരു പങ്കും മുറിച്ചുമാറ്റിയാണ് പൊലീസിനു കൈമാറിയിരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനാ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ നൽകിയ മൊഴിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ക്രിമിനൽ നടപടിക്രമം അനുസരിച്ച് ഇതു നിലനിൽക്കില്ലെന്ന് ബി രാമൻ പിള്ള വാദിച്ചു