രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി
കൊല്ലം: റേഡിയോജോക്കി രാജേഷ് കൊലകേസില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു . കരുനാഗപ്പള്ളിക്കടുത്ത കണ്ണേറ്റി പാലത്തിനടുത്തു നിന്നുമാണ് കണ്ടെത്തിയത്. അലിഭായിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. കൊലപാതകം നടത്തിയ ശേഷം ഖത്തറിലേക്ക് മുങ്ങിയ മുഖ്യപ്രതി അലിഭായിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അലിഭായിയുമായി പോലീസ് തെളിവെടുപ്പ് തുടങ്ങിയിരിക്കുന്നത്.
രാജേഷിന്റെ കയ്യും കാലും മുറിച്ചതിനെ തുടര്‍ന്ന് ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും പറഞ്ഞു. കയ്യും കാലും വെട്ടിമാറ്റാന്‍ രണ്ടു ലക്ഷത്തിന്റെ ക്വട്ടേഷനാണ് ഏറ്റെടുത്തതെന്നും നല്‍കിയത് രാജേഷിന്റെ ഖത്തറിലുള്ള വനിതാസുഹൃത്തിന്റെ മുന്‍ ഭര്‍ത്താവ് സത്താര്‍ ആണെന്നും കുടുംബം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും അലി ഇന്നലെ മൊഴി കൊടുത്തിരുന്നു.
കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും സത്താറിനെ അറിയിച്ചിരുന്നെന്ന് അലിഭായി പറഞ്ഞു. ആക്രമണത്തിനായി നാട്ടിലേക്കു പോകാന്‍ വിമാനടിക്കറ്റ് സംഘടിപ്പിച്ചതും സത്താറായിരുന്നു. സത്താറിന്റെ ഭാര്യയും ഖത്തറില്‍ നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷ് ബന്ധം പുലര്‍ത്തിയിരുന്നു. സത്താര്‍ പലതവണ വിലക്കിയിട്ടും രാജേഷ് പിന്മാറിയില്ല. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടും സത്താറിനെ പ്രകോപിപ്പിച്ചു. അതോടെ ദാമ്പത്യബന്ധം തകര്‍ന്നു. തുടര്‍ന്നാണ് തനിക്കു ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായി വെളിപ്പെടുത്തി.