
വിഷുവിനുള്ള റേഷന്‍ വിതരണം നിര്‍ത്തി: ഭക്ഷ്യ മന്ത്രിക്കെതിരെ റേഷന്‍ വ്യാപാരികള്‍
April 11, 2018തിരുവനന്തപുരം: മലയാളികളുടെ വിഷു ആഘോഷത്തിന്റെ മാറ്റു കുറയ്ക്കാനായി പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍. ഏപ്രില്‍ 10 നകം സംസ്ഥാനത്തെ മൊത്തം റേഷന്‍ കടകളിലും ഇപോസ് മെഷീന്‍ സ്ഥാപിക്കുമെന്നും റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍കടകളിലെത്തിച്ചു നല്‍കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമെന്നോണം റേഷന്‍ വിതരണം നിര്‍ത്തിവച്ചത്.
ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങള്‍ സംബന്ധിച്ചുള്ള വിവരം റേഷന്‍ കടയില്‍ സ്ഥാപിക്കുന്ന ഇപോസ് മെഷീനില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. സാധനങ്ങളുടെ ബില്ലും യന്ത്രം വഴി നല്‍കും. ഉപഭോക്താവിന്റെ വിരലടയാളം മെഷീനില്‍ പതിപ്പിക്കുകയും വേണം. അതിനുശേഷമാണ് ബില്‍ തയാറാക്കുക. മെഷീന്‍ ഏതാനും ദിവസം മുമ്പ് കടകളില്‍ എത്തിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശീലനം കടക്കാര്‍ക്ക് നല്‍കുന്നുണ്ട്.
റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കളെ മൊബൈല്‍ ഫോണ്‍ സന്ദേശം വഴി അറിയിക്കാനും തുടങ്ങി. റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിലെ ദുരുപയോഗം തടയാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. റേഷന്‍ വാങ്ങാത്തവരുടെ അരിയും മറ്റും എഴുതിയെടുക്കാന്‍ വ്യാപാരിക്ക് സാധിക്കില്ല. പുതിയ പരിഷ്‌കാരം പ്രാവര്‍ത്തികമാകാന്‍ ഏറെ സമയമെടുക്കുമെന്നാണ് സൂചന. റേഷന്‍ വ്യാപാരികളുടെ പ്രതിഷേധത്താല്‍ സാധാരണക്കാര്‍ക്ക് തീര്‍ത്തും ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.