പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിശമന സേനയുടെ പരിശീലനം; റിപ്പോര്‍ട്ട് തേടി ഫയര്‍ഫോഴ്‌സ് മേധാവി

പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിശമന സേനയുടെ പരിശീലനം; റിപ്പോര്‍ട്ട് തേടി ഫയര്‍ഫോഴ്‌സ് മേധാവി

April 1, 2022 0 By Editor

അഗ്നിശമന സേനാംഗങ്ങള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ വിശദീകരണം തേടി സേനാമേധാവി ബി.സന്ധ്യ. രണ്ടുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് റീജണല്‍ ഫയര്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അഗ്‌നിശമന സേനാ ജീവനക്കാരായ ബി.അനീഷ്, വൈ.എ.രാഹുല്‍ദാസ്, എം.സജാദ് എന്നിവരാണ് പരിശീലനം നല്‍കിയത്. എന്നാല്‍ റീജണല്‍ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശം പാലിക്കുകയാണ് ഇവര്‍ ചെയ്തതെന്നാണ് വിവരം. അതേസമയം പരിശീലനത്തിന് അനുമതി ആവശ്യപ്പെട്ട് ജില്ലാഫയര്‍ ഓഫിസറെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെങ്കിലും അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഇവര്‍ റീജണല്‍ ഫയര്‍ ഓഫിസറെ സമീപിച്ച് അനുമതി വാങ്ങുകയായിരുന്നു.

സന്നദ്ധസംഘടനകൾ, റസിഡന്റ്‌സ്് അസോസിയേഷൻ എന്നിവയുടെ വേദികളിൽ പരിശീലനം നൽകാറുണ്ടെങ്കിലും രാഷ്‌ട്രീയ സംഘടനകളുടെ വേദിയിൽ പങ്കെടുത്ത് പരിശീലനം നൽകിയത് അഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ ആദ്യസംഭവമാണ്. ഇത് സർവ്വീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഗ്‌നിശമനസേനാംഗങ്ങൾക്ക് ഇടയിൽ തന്നെ മുറുമുറുപ്പുണ്ട്.