വിജയ് ബാബുവിനെതിരെ റെഡ്കോർണർ നോട്ടിസിന് നടപടി
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്തേക്കു മുങ്ങിയ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാന്‍ നടപടി തുടങ്ങി. നോട്ടിസ് പുറപ്പെടുവിക്കാനുള്ള പൊലീസിന്റെ ശുപാര്‍ശ ആഭ്യന്തര വകുപ്പുവഴി സിബിഐക്ക് കൈമാറി.
ഇന്റര്‍പോളിന്റെ നോഡല്‍ ഏജന്‍സിയായ സിബിഐ തുടര്‍നടപടി സ്വീകരിക്കും. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള ഇന്നത്തെ യാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബു ഉണ്ടായിരുന്നില്ല. അതിനാൽ ഇന്ന് വൈകിട്ടോടെ റെഡ്കോർണർ നോട്ടിസിനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു നേരത്തേ അറിയിച്ചിരുന്നു. അതേസമയം, വിജയ് ബാബുവിന്റെ അഭിഭാഷകർ ഹൈക്കോടതിയില്‍ നല്‍കിയ അദ്ദേഹത്തിന്റെ യാത്രാ രേഖയെപ്പറ്റി അറിയില്ലെന്ന് പൊലീസ് പ്രതികരിച്ചു.
വിജയ് ബാബു മേയ് 30ന് മടക്കയാത്രയ്ക്കു കൊച്ചിയിലേക്കെടുത്ത വിമാന ടിക്കറ്റ് അഭിഭാഷകർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്നലെ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ, നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് ഹാജരാക്കാന്‍ ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് ടിക്കറ്റ് ഹാജരാക്കിയത്.