നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഉടനില്ല; തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വേഗത്തില്‍ നല്‍കേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശം. അന്വേഷണത്തിനായി കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടും. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ സമ്മര്‍ദമുണ്ടെന്ന അതിജീവിതയുടെ ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നാണ് സൂചന. കേസിലെ തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം മാത്രം കുറ്റപത്രം നല്‍കിയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി കോടതി ഇന്നാണ് പരിഗണിക്കുന്നത്. സര്‍ക്കാരിന്റേയും അന്വേഷണ സംഘത്തിന്റേയും നിലപാട് കോടതി തേടിയേക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നടന്‍ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നുള്‍പ്പെടെ ആരോപിച്ചാണ് അതിജീവിത കോടതി മുന്‍പാകെ പരാതി സമര്‍പ്പിച്ചത്. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ പേരില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടി പറയുന്നത്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കിയത് അതിജീവിത പരാതിയിലൂടെ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ കോടതി ഇടപെടല്‍ വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.

കസ്റ്റഡിയിലുള്ള ദൃശ്യം ചോര്‍ന്നതില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള താത്പര്യമാണ് വിചാരണ കോടതി ജഡ്ജിയുടേതെന്ന് സംശയിക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹര്‍ജിയിലുണ്ട്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് രാഷ്ട്രീയ ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story