വീഡിയോയെടുക്കുന്നതിനിടെ 3 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; 2 പേരെ രക്ഷിച്ചു, ഒരാൾക്കായി തിരച്ചിൽ

വീഡിയോയെടുക്കുന്നതിനിടെ 3 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; 2 പേരെ രക്ഷിച്ചു, ഒരാൾക്കായി തിരച്ചിൽ

May 28, 2022 0 By Editor

പത്തനാപുരം: കല്ലടയാർ കുണ്ടയം കുറ്റിമൂട്ടിൽ കടവിൽ വീഡിയോ എടുക്കുന്നതിനിടെ സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. കുണ്ടയം അഞ്ജന വിലാസത്തിൽ അനുഗ്രഹ, സഹോദരൻ അഭിനവ്, പത്തനംതിട്ട കൂടൽ മനോജ് ഭവനിൽ അപർണ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. അനുഗ്രഹയെയും അഭിനവിനെയും നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. അപർണയ്ക്കായി തിരച്ചിൽ തുടരുന്നു.

ശനിയാഴ്ച രാവിലെ 11 മണിക്കാണ് അപകടം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപർണ. ഇതിനിടെ അനുഗ്രഹയുടെ സഹോദരൻ അഭിനവിനൊപ്പം കല്ലടയാറ്റിലെ കടവിലേക്ക് പോയതാണ് ഇരുവരും. അവിടെവച്ച് അഭിനവ്, അനുഗ്രഹയുടെയും അപർണയുടെയും വീഡിയോ എടുക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഭിനവും ഒഴുക്കിൽപ്പെട്ടു.

കടവിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെ മീൻപിടിക്കുകയായിരുന്നവരാണ് അനുഗ്രഹയെയും അഭിനവിനെയും രക്ഷിച്ചത്. ഒഴുക്കിൽപ്പെട്ട അപർണയെ രക്ഷിക്കാൻ ഇവർക്കായില്ല. കൊല്ലത്തു നിന്നെത്തിയ സ്കൂബ ടീം, പത്തനാപുരത്തു നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റ് എന്നിവരാണ് അപർണയ്ക്കായി തിരച്ചിൽ നടത്തുന്നത്. അടിയൊഴുക്കും ആഴവുമുള്ള സ്ഥലമാണ് ഇതെന്ന് ദൃസാക്ഷികൾ പറഞ്ഞു.