സ്കൂളിൽ മിന്നൽ പരിശോധന നടത്തിയ ഭക്ഷ്യമന്ത്രി കഴിച്ച ഭക്ഷണത്തിൽ മുടി

സ്കൂളിൽ മിന്നൽ പരിശോധന നടത്തിയ ഭക്ഷ്യമന്ത്രി കഴിച്ച ഭക്ഷണത്തിൽ മുടി

June 7, 2022 0 By Editor

തിരുവനന്തപുരം: കോട്ടൺഹിൽ എൽപി സ്കൂളിൽ ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മിന്നൽ പരിശോധന നടത്തിയശേഷം കഴിച്ച ഭക്ഷണത്തിൽ മുടി. ചാനലുകളുടെ ലൈവ് സംപ്രേഷണത്തിനിടയിലായിരുന്നു മന്ത്രിക്ക്‌ ഭക്ഷണം കഴിച്ച പ്ലേറ്റിൽനിന്ന് മുടി ലഭിച്ചത്. തുടർന്ന്, ഭക്ഷണം മാറ്റിവച്ച് മറ്റൊരു പാത്രത്തിൽനിന്ന് മന്ത്രി ഭക്ഷണം കഴിച്ചു.

സ്കൂളിൽ സന്ദർശനത്തിനെത്തിയ മന്ത്രി പാചകപ്പുരയും സ്കൂളിലെ സൗകര്യങ്ങളും വിലയിരുത്തി തൃപ്തി അറിയിച്ചശേഷമാണ് രണ്ട് കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കാനിരുന്നത്. മുടി ലഭിച്ചതോടെ മന്ത്രി പാത്രം നീക്കിവച്ചു. കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായതിനാല്‍ കൂടുതൽ ക്ലീനിങ് തൊഴിലാളികളുടെ ആവശ്യമുണ്ടെന്നും, കുറച്ചുകൂടി ഗൗരവത്തോടെ കാണാൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും മന്ത്രി പിന്നീട് പ്രതികരിച്ചു.

പാചകം ചെയ്യുന്ന തൊഴിലാളികൾ കുറവാണെന്ന് പ്രധാനാധ്യാപിക പറഞ്ഞു. സ്കൂളിൽ ആയിരത്തിനു മുകളിൽ കുട്ടികളുണ്ട്. ഇപ്പോൾ രണ്ട് ജീവനക്കാരാണുള്ളത്. അവർ തന്നെയാണ് എല്ലാ ജോലികളും ചെയ്യേണ്ടത്. നാളെ മുതൽ പ്രഭാത ഭക്ഷണവും ഉണ്ട്. രാവിലെ 8.30ന് ഭക്ഷണം കൊടുക്കണം. ആ ഭക്ഷണമൊരുക്കുന്നതും രണ്ടു ജീവനക്കാരാണെന്നും പ്രധാനാധ്യാപിക പറഞ്ഞു. വൃത്തിക്കുറവില്ലെന്നും പാചകക്കാരുടെ കുറവുണ്ടെന്നും സ്കൂൾ ജീവനക്കാർ പറയുന്നു.