‘മോള്‍ ക്ഷമിക്കണം, മരണത്തിന് കാരണം ഇവര്‍’; ടാങ്കർ ലോറിയിലേക്ക് കാറിടിച്ച് കയറ്റി അച്ഛനും മകനും  ആത്മഹത്യ ചെയ്തു ; അപകടത്തിൽ വില്ലൻ കുടുംബ പ്രശ്‌നം

‘മോള്‍ ക്ഷമിക്കണം, മരണത്തിന് കാരണം ഇവര്‍’; ടാങ്കർ ലോറിയിലേക്ക് കാറിടിച്ച് കയറ്റി അച്ഛനും മകനും ആത്മഹത്യ ചെയ്തു ; അപകടത്തിൽ വില്ലൻ കുടുംബ പ്രശ്‌നം

June 22, 2022 0 By Editor

തിരുവനന്തപുരം: ടാങ്കർ ലോറിയിൽ കാറിടിച്ച് കയറി അച്ഛനും മകനും മരിച്ചതിൽ ദുരൂഹത. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും(50) പന്ത്രണ്ട് വയസുകാരനായ മകൻ ശിവദേവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം.

മരണത്തിന് ഉത്തരവാദികളായവർ എന്ന പേരിൽ ചിലരുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തശേഷമായിരുന്നു ആത്മഹത്യ. ഇന്ധന ടാങ്കറിന്റെ നിയന്ത്രണം നഷ്ടമാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആറ്റിങ്ങലിനടുത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന ടാങ്കർ ലോറിയിലേയ്ക്ക് ആൾട്ടോ കാർ ഇടിച്ച് കയറുകയായിരുന്നു. ഉടൻ തന്നെ പൊലീസും അഗ്‌നിശമനാ സേനയും സ്ഥലത്തെത്തി പ്രകാശിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടാതെ കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശന്റെ ഫേസ്‌ബുക്ക് പേജിൽ ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.  ഇയാൾക്ക് ചില കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി ഇതിൽ നിന്ന് സൂചന ലഭിക്കുന്നുണ്ട്. ഇതേത്തുടർന്നുണ്ടായ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രകാശന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. ഭാര്യ ശശികല ഒൻപതു മാസമായി വിദേശത്താണ്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കം ഉണ്ടായിരുന്നു.

പരാതി കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതു കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും ആത്മഹത്യാക്കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു.  ഭാര്യയുടെ പ്രവൃത്തികളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും മോൾ അച്ഛനോടു ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഭാര്യയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ പങ്കുവയ്ക്കുകയും, ഇവരാണ് മരണത്തിന് ഉത്തരവാദികൾ എന്ന പോസ്റ്റും പ്രകാശൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കാറിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് എത്തിയ ഇവർ വാഹനം ടാങ്കറിലേക്ക് ഇടിച്ചു കയറ്റിയത്.