
കൂട്ട സ്ഥലംമാറ്റം: വടകര പോലീസ് സ്റ്റേഷൻ പ്രവർത്തനം താളംതെറ്റി
July 27, 2022 0 By adminവടകര: വടകര സ്റ്റേഷൻ മുറ്റത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയതോടെ വടകര സ്റ്റേഷന്റെ പ്രവർത്തനം താളംതെറ്റി.രാവിലെ 11ഓടെയാണ് ജില്ല പൊലീസ് മേധാവി കറുപ്പ സ്വാമി സ്ഥലംമാറ്റ ഉത്തരവിറക്കിയത്. 70 പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്. കഴിഞ്ഞദിവസം സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ 66 പേർക്കാണ് സ്ഥലംമാറ്റം. റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് സ്ഥലംമാറ്റം.
യുവാവിന്റെ മരണത്തിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലുള്ള ശുദ്ധികലശമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സൂചന. കസ്റ്റഡിമരണമെന്ന തലത്തിലേക്ക് കേസ് മാറിമറയുന്നതിന്റ സൂചനകളായി ഇതിനെ കണക്കാക്കുന്നുമുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ ഇവർ സ്റ്റേഷനുകളിൽ ചാർജെടുക്കണം. രണ്ട് ദിവസത്തിനുള്ളിൽ സ്റ്റേഷന്റ പ്രവർത്തനം പൂർവസ്ഥിതിയിലാവുമെന്ന് ഡിവൈ.എസ്.പി ഹരിപ്രസാദ് പറഞ്ഞു. അതേസമയം, അപ്രതീക്ഷിത നടപടി ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നില്ല. സംഭവദിവസം ഡ്യൂട്ടിയിലില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരേയും മെഡിക്കൽ അവധിയിൽ പ്രവേശിച്ചവരേയും സ്ഥലംമാറ്റിയിട്ടുണ്ട്. ഈ നടപടി സേനയിൽ കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
ചെറിയ വിഭാഗത്തിന്റെ അനാസ്ഥമൂലം ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷനിലെ വനിതകൾ അടക്കമുള്ള മുഴുവൻ പൊലീസുകാരെയും മാറ്റിയതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പൊലീസ് അസോസിയേഷൻ സംഭവത്തിൽ കടുത്ത അമർഷം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം.
അസ്വാഭാവിക നടപടി കുറ്റക്കാരെ സംരക്ഷിക്കാൻ -കെ.കെ. രമ
വടകര: പൊലീസ് സ്റ്റേഷൻ മുറ്റത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലംമാറ്റി ആഭ്യന്തരവകുപ്പ് നാടകം കളിക്കുകയാണെന്ന് കെ.കെ. രമ എം.എൽ.എ. അസ്വാഭാവിക നടപടി യഥാർഥ കുറ്റക്കാരെ സംരക്ഷിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഭവദിവസം രാത്രി 11ന് സ്റ്റേഷനിൽ വിരലിലെണ്ണാവുന്ന പൊലീസ് ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, സ്റ്റേഷനിലെ 66 പേരെയും സ്ഥലംമാറ്റിയത് യഥാർഥ കുറ്റവാളികളെ വെളുപ്പിക്കാനും കുറ്റകൃത്യത്തെ ലഘൂകരിക്കാനും മാത്രമാണ് സഹായകമാവുക. ഇത്തരം കൺകെട്ടുവിദ്യകൾകൊണ്ട് ക്രിമിനൽ കുറ്റം തേച്ചുമാച്ചുകളയാൻ സമ്മതിക്കില്ലെന്ന് രമ വ്യക്തമാക്കി. പ്രായമായ അമ്മയും അമ്മയുടെ അനുജത്തിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സജീവൻ. നഷ്ടപരിഹാരത്തിനൊപ്പം ഇവർക്ക് വീടുവെച്ചുകൊടുക്കാനും സർക്കാർ തയാറാകണമെന്ന് രമ ആവശ്യപ്പെട്ടു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)