പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പുതിയ റെക്കോഡ് സ്‌ഥാപിച്ച് ഹാരി കെയ്ൻ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പുതിയ റെക്കോഡ് സ്‌ഥാപിച്ച് ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന്റെ ഹാരി കെയ്‌ന്‍. പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമെന്ന റെക്കോഡാണ് കെയ്‌ന്‍ സ്വന്തമാക്കിയത്.
വോള്‍വര്‍ഹാംപ്‌റ്റണ്‍ വാണ്ടറേഴ്‌സിനെതിരേ നടന്ന ഹോം മത്സരത്തില്‍ ഗോളടിച്ചതേയാടെയാണു കെയ്‌ന്‍ റെക്കോഡിട്ടത്. മാഞ്ചെസ്‌റ്റര്‍ സിറ്റിയുടെ താരമായിരുന്ന സെര്‍ജിയോ അഗ്യൂറോയൊണു കെയ്‌ന്‍ മറികടന്നത്. സിറ്റിക്ക് വേണ്ടി അഗ്യൂറോ 184 ഗോളുകളടിച്ചു. വോള്‍വ്‌സിനെതിരേ ലക്ഷ്യം കണ്ടതോടെ കെയ്‌നിന്റെ അക്കൗണ്ടില്‍ 185 ഗോളുകളായി. 183 ഗോളുകളുള്ള വെയ്‌ന്‍ റൂണിയാണ് പട്ടികയില്‍ മൂന്നാമത്.
മറ്റ് മത്സരങ്ങള്‍ കൂടി കണക്കിലെടുത്താല്‍ കെയ്‌ന്‍ ടോട്ടനത്തിനു വേണ്ടി നേടുന്ന 250-ാം ഗോള്‍ കൂടിയാണിത്. 16 ഗോളുകള്‍ കൂടിയടിച്ചാല്‍ ടോട്ടനത്തിന്റെ എക്കാലത്തെയും ടോപ് സ്‌കോററാകാം. 266 ഗോളുകളുമായി ജിമ്മി ഗ്രീവ്‌സാണ് ഒന്നാമത്.
ലീഗില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഹാരി കെയ്‌ന്‍ അഗ്യൂറോയെ മറികടന്ന് നാലാമനായി. 260 ഗോളുകളുമായി അലന്‍ ഷിയററാണ് പട്ടികയില്‍ ഒന്നാമത്. 208 ഗോളുകളുള്ള വെയ്‌ന്‍ റൂണി രണ്ടാമതും 187 ഗോളുകളുള്ള ആന്‍ഡ്രൂ കോള്‍ മൂന്നാമതുമാണ്.