ഓണ പൂജകൾക്ക് ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: ഓണ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രം നാളെ ചൊവ്വാഴ്ച ( 6 സെപ്തംബർ) വൈകിട്ട് 5.30 ന് തുറക്കും. രാത്രി 10 മണിക്ക് ആണ് നട അടയ്‌ക്കുന്നത്.നാളെ പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല.
മേല്‍ ശാന്തിയും തന്ത്രിയും ചേര്‍ന്ന് മണിയടിച്ച് ഭഗവാനെ യോഗനിദ്രയില്‍ നിന്നും ഉണര്‍ത്തി ഭക്തജനസാന്നിധ്യം അറിയിക്കും. തുടര്‍ന്ന് നെയ്‌വിളക്കില്‍ തിരി തെളിയിക്കും. ബുധൻ മുതൽ ശനി വരെ 4 ദിവസവും സന്നിധാനത്ത് ഭക്തർക്ക് വിഭവ സമൃദ്ധമായ ഓണസദ്യയുണ്ട്. ഉത്രാടനാളായ ബുധനാഴ്ച മേൽശാന്തി എൻ.രമേശ്വരൻ നമ്പൂതിരിയുടെ വകയായി ആണ് ഓണസദ്യ. തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടത്തിന് പോലീസുകാരുടെയും ചതയത്തിന് മാളികപ്പുറം മേൽശാന്തി എ ശംഭു നമ്പൂതിരിയുടെയും വകയാണ് ഓണസദ്യ.
ഈ ദിവസങ്ങളിൽ പതിവ് പൂജകള്‍ക്കുപുറമെ ഉദയാസ്‌തമനപൂജയും പടിപൂജയും നെയ്യഭിഷേകവും ഉണ്ടായിരിക്കും. 10 ന് രാത്രി ഹരിവരാസനം പാടി നടയടച്ചു കഴിഞ്ഞാല്‍ കന്നിമാസ പൂജകള്‍ക്കായി 16 ന് വൈകിട്ട് 5.30 ന് വീണ്ടും നട തുറക്കും.കന്നിമാസം ഒന്നുമുതല്‍ അഞ്ചുവരെ പതിവു പൂജകളായ ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയ്‌ക്കുപുറമെ വിശേഷാല്‍ പൂജകളായ പടി പൂജയും ഉദയാസ്‌തമന പൂജയും ഉണ്ടായിരിക്കും. ഈ അഞ്ചു ദിവസങ്ങളിലും നെയ്യഭിഷേകവും നടക്കും. നട തുറന്നിരിക്കുന്ന സമയങ്ങളിൽ നിലയ്ക്കൽ-പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി.യുടെ ചെയിൻ സർവീസുണ്ട്. കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, എരുമേലി, കുമളി യൂണിറ്റുകളിൽനിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.
ഓണം ഉത്സവത്തിനും കന്നി മാസ പൂജയ്ക്കും ദർശനത്തിന് വെർച്വൽ-ക്യു ബുക്കിംഗ് ഉണ്ട്. www.sabarimalaonline.org പോർട്ടൽ വഴി ഭക്തർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. നിലക്കൽ മഹാദേവ ക്ഷേത്രത്തിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഓണാഘോഷ പൂജകൾക്കായി നട തുറന്നിരിക്കുന്ന സെപ്തംബർ 6 മുതൽ 10 വരെയും കന്നി മാസ പൂജയ്ക്ക് 16 മുതൽ 21 വരെയും സ്പോട്ട് ബുക്കിംഗ് ലഭ്യമാകും.