ഷാര്‍ജയിലെ വിദേശ നിക്ഷേപണത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ

ദുബായ്: ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി ഷാര്‍ജ മാറുന്നു. 2016 അപേക്ഷിച്ച് ഷാര്‍ജയിലെ വിദേശ നിക്ഷേപം ഇരട്ടിയായി. തൊഴില്‍ അവസര രംഗത്തു കുതിച്ചു ചാട്ടമുണ്ടാക്കി 5.97 ബില്യണ്‍…

ദുബായ്: ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി ഷാര്‍ജ മാറുന്നു. 2016 അപേക്ഷിച്ച് ഷാര്‍ജയിലെ വിദേശ നിക്ഷേപം ഇരട്ടിയായി. തൊഴില്‍ അവസര രംഗത്തു കുതിച്ചു ചാട്ടമുണ്ടാക്കി 5.97 ബില്യണ്‍ വിദേശ നിക്ഷേപമാണ് 2017ല്‍ രേഖപ്പെടുത്തിയത്. യുകെ, അമേരിക്ക, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യയാണ് വിദേശ നിക്ഷേപകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന എട്ടാമത് വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ (എയിം 2018) വെച്ച് ഷാര്‍ജയുടെ നിക്ഷേപകാര്യ വിഭാഗം ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജയാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.

കണക്കുകള്‍ പ്രകാരം 2017ല്‍ 5.97 ബില്യണ്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ച ഷാര്‍ജക്ക് ജിഡിപിയില്‍ അഞ്ചു ശതമാനം വളര്‍ച്ച കൈവരിക്കാനായി. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എമിറേറ്റിന്റെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിലും ഏറെ നിര്‍ണായകമായ മാറ്റങ്ങളാണ് വിദേശ നിക്ഷേപമുണ്ടാക്കിയത്. നിക്ഷേപ പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത് ഇന്ത്യയാണ് എന്നത് പ്രവാസി സമൂഹത്തിലെ തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂല സൂചനയായാണ് കണക്കാക്കപ്പെടുന്നത്. 2017ല്‍ മാത്രം ഷാര്‍ജയില്‍ സൃഷ്ടിക്കപ്പെട്ടത് 5000 പുതിയ തൊഴില്‍ അവസരങ്ങളാണ്.

വാര്‍ഷിക നിക്ഷേപ സംഗമ വേദിയില്‍ ഷാര്‍ജ ഇക്കണോമിക് വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ സി.ഇ.ഓ ജുമാ അല്‍ മുഷറഖാണ് ഷാര്‍ജയുടെ വളര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്ന നിക്ഷേപ കണക്കുകള്‍ പുറത്ത് വിട്ടത്. ' പതിനെട്ടു പുതിയ വ്യവസായങ്ങളില്‍ നിന്നായി, 2016 അപേക്ഷിച്ച് ഇരട്ടിയിലധികം വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ 2017 ല്‍ ഷാര്‍ജക്കായി. ഇവിടെ ലഭ്യമായിട്ടുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കും സേവന മികവിനുമുള്ള ഉത്തമ ഉദാഹരണമാണ് ഈ വളര്‍ച്ച. യു.എ.ഇ.യിലെ മാത്രമല്ല, അറബ് മേഖലയിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമായി ഷാര്‍ജ മാറുകയാണ്' – ജുമാ അല്‍ മുഷറഖ് പറഞ്ഞു.

അസൂര്‍ ബീച്ച് റിസോര്‍ട്, ഈഗിള്‍ ഹില്‍സിന്റെ നേതൃത്വത്തിലുള്ള മറിയം ഐലന്‍ഡ്, അലിഫ് ഗ്രൂപ് ഒരുക്കുന്ന അല്‍ മംഷാ, തിലാല്‍ പ്രോപ്പര്‍ടീസിന്റെ തിലാല്‍ സിറ്റി എന്നിങ്ങനെ നിരവധി പുതിയ പദ്ധതികള്‍ ഷാര്‍ജയില്‍ പുതുതായി ഒരുങ്ങുന്നുണ്ട്. ഷാര്‍ജയുടെ സാംസ്‌കാരികസാമൂഹ്യ മേഖലകളിലെ വളര്‍ച്ചക്കു ആക്കം കൂട്ടുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ശുറൂഖ്) നടത്തിയിരുന്നു.

ഒന്നാം സ്ഥാനത്ത് ഇന്ത്യ

യു.എ.ഇയുമായുള്ള ശക്തമായ വ്യാപാര ബന്ധത്തിന്റെ തുടര്‍ച്ചയാണ് ഷാര്‍ജയിലെ വിദേശ നിക്ഷേപ പട്ടികയിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം. നിക്ഷേപ രംഗത്തു ഇന്ത്യ മുന്നിട്ടു നില്‍ക്കുന്നത് പ്രവാസി സമൂഹത്തിനും ഇന്ത്യന്‍ തൊഴില്‍ അന്വേഷകര്‍ക്കും ഒരുപോലെ അനുകൂല ഘടകമാണ്. നിലവില്‍ 17000 ല്‍ അധികം ഇന്ത്യന്‍ വ്യവസായങ്ങള്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷാര്‍ജ ഫ്രീസോണുകളില്‍ പ്രവര്‍ത്തിക്കുന്ന 7000 ല്‍ അധികം കമ്പനികളും ഇന്ത്യന്‍ സംരംഭകരുടേതാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇവിടങ്ങളില്‍ തൊഴിലെടുക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, സേവന മേഖലകളുടെ സഹകരണം, ഭൂമി ശാസ്ത്രപരമായ അനുകൂല ഘടകങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ നിക്ഷേപകരെ ഷാര്‍ജയിലേക്ക് ആകര്‍ഷിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍, ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകരെയും വിദഗ്ധരെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന സംഗമമാണ് ആന്വല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിംഗ് (എയിം).

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story