നഴ്‌സുമാരുടെ വേതനം; സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് ഉപദേശക സമതി

April 12, 2018 0 By Editor

തിരുവനന്തപുരം: നഴ്‌സുമാരുടെ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെ സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് ഉപദേശക സമതിയുടെ തീരുമാനം. നിലവില്‍ നഴ്‌സ്മാര്‍ക്ക് ലഭിക്കുന്ന അലവന്‍സുകള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ള തീരുമാനമാണ് ചൊവ്വാഴ്ച ചേര്‍ന്ന ഉപദേശക സമതിയോഗം കൈക്കൊണ്ടത്. ഇതോടെ മിനിമം വേതനം 20,000 രൂപയെന്ന സര്‍ക്കാര്‍ തീരുമാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. നാളെ സമിതി അന്തിമ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗ തീരുമാനം നടപ്പില്‍ വരുത്തണമെന്ന് നാളെ നടക്കുന്ന അന്തിമ യോഗത്തിലും ആവശ്യമുയരുമെന്നാണ് അറിയുന്നത്.

നിലവില്‍ നഴ്‌സുമാര്‍ക്ക് ആശുപത്രി കിടക്കയുടെ അടിസ്ഥാനത്തില്‍ മൂന്നായി തരം തിരിച്ചാണ് അധിക അലവന്‍സ് അടക്കം മൊത്ത അലവന്‍സുകള്‍ നല്‍കുന്നത്. അതായത് 50 മുതല്‍ 100 കിടക്കവരെയുള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് 22 ശതമാനം അലവന്‍സ് ലഭിക്കും, 101 മുതല്‍ 200 വരെ 46 ശതമാനം, 201 മതുല്‍ 300 വരെ 62 ശതമാനം. ഇത് ആറായി വീണ്ടും വിഭജിക്കണമെന്നും അലവന്‍സ് വെട്ടിച്ചുരുക്കണമെന്നും ഉപദേശക സമിതി തീരുമാനമെടുത്തു. ഇതോടെ 50 മുതല്‍ 100 കിടക്കവരെയുള്ള ആശുപത്രിയിലെ നഴ്‌സ്മാര്‍ക്ക് അലവന്‍സ് ലഭിക്കില്ല. 101 മുതല്‍ 200 വരെ 10 ശതമാനം, 201 മുതല്‍ 300 വരെ 10 ശതമാനം ഇങ്ങനെയാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് നടപ്പിലാവുന്നതോടെ പല ആശുപത്രിയിലെ നഴ്‌സുമാര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച ഇരുപതിനായിരം രൂപയെന്ന വേതന തീരുമാനം നടപ്പിലാവില്ല.

അലവന്‍സ് ഇനത്തില്‍ മാത്രം 6000 മുതല്‍ 10,000 രൂപവരെ കുറവാണ് തീരുമാനം നടപ്പിലായാല്‍ നിലവില്‍ വരിക. ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജ്‌മെന്റും നഴ്‌സുമാരുടെ സംഘടനയും വലിയ തര്‍ക്കത്തിലായിരുന്നു. ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിപ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഉപദേശക സമിതിയുടെ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.