കമ്യൂണിസ്റ്റുകളിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല" ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതി, ആ വാദം അംഗീകരിക്കണമെന്ന് ജി സുധാകരന്‍
ആലപ്പുഴ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതികരണവുമായി മുൻ മന്ത്രി ജി സുധാകരൻ. ശബരിമലയിൽ 50 വയസ് കഴിഞ്ഞ സ്ത്രീകളേ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന് ജി സുധാകരൻ പറഞ്ഞു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ടുപോകണം. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം കാലം ജ്യോതിഷത്തിനു പ്രസക്തിയുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.
കോൺഗ്രസുകാരനെയും കമ്യൂണിസ്റ്റുകളെയും തിരിച്ചറിയാൻ പറ്റാതായി. കമ്യൂണിസ്റ്റുകളിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല എന്നതാണ് പ്രശ്നം. രാഷ്ട്രീയം ഒരു കലയാണ്. അതു മനസ്സിലാക്കാതെ കുറെപ്പേർ രാവിലെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ് എന്നും സുധാകരൻ പറഞ്ഞു.
ഒരു ജ്യോതിഷിയും നരബലിനടത്തിയിട്ടില്ല. രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇത്തരക്കാർ കേരളത്തിൽ കൂടിവരുകയാണ്. ഹിന്ദുപുരോഹിതർ കല്യാണത്തിനും മറ്റു പൊതുചടങ്ങുകളിലും അടിവസ്ത്രം ധരിച്ചു പങ്കെടുക്കണമെന്നു പറഞ്ഞത് ഇവിടെ ചിലർ വിവാദമാക്കി.തന്നെ അധിക്ഷേപിച്ചു. ക്രിസ്ത്യൻ, മുസ്‌ലിം പുരോഹിതർ പാദംപോലും കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നത്. നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും അതിനെ കളിയാക്കാനാണ് ചിലർക്ക് താത്പര്യമെന്നും സുധാകരൻ പറഞ്ഞു.