പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചത് എട്ടുലക്ഷം രൂപയുടെ MDMA; ബെംഗളൂരുവില്‍ യുവമോര്‍ച്ച നേതാവടക്കം മൂന്ന് മലയാളികള്‍ പിടിയില്‍

പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചത് എട്ടുലക്ഷം രൂപയുടെ MDMA; ബെംഗളൂരുവില്‍ യുവമോര്‍ച്ച നേതാവടക്കം മൂന്ന് മലയാളികള്‍ പിടിയില്‍

November 17, 2022 0 By Editor

ബെംഗളൂരു: രാസലഹരിയായ എംഡിഎംഎ (മെഥിലീൻഡയോക്സി മെതാംഫെറ്റമിൻ) കേരളത്തിലേക്കു പാവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവമോര്‍ച്ച നേതാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍മണ്ഡലം പ്രസിഡന്റ് പവീഷിനെയും കൂട്ടാളികളെയുമാണു വൈറ്റ് ഫീല്‍‍ഡ് പൊലീസ് തന്ത്രപൂര്‍വം അറസ്റ്റ് ചെയ്തത്. എംഡിഎംഎ ഗുളികള്‍ നിറച്ച പാവ കൊറിയർ വഴി അയച്ചെങ്കിലും കേരളത്തിലേക്കുള്ള സാധനങ്ങള്‍ കയറ്റിപോകുന്നതിനു തൊട്ടുമുന്‍പ് സ്കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.

ഇരിങ്ങാലക്കുടയിലെ യുവമോര്‍ച്ചയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് കീഴ്ത്താണി സ്വദേശിയായ എസ്.പവീഷ്. പാവയ്ക്കുള്ളില്‍ എംഡിഎംഎ ഗുളികള്‍ നിറച്ചു കൊറിയർ വഴി തൃശൂരിലേക്ക് അയക്കാനുള്ള ശ്രമത്തിനിടെയാണു പവീഷടക്കം മൂന്നുപേർ അറസ്റ്റിലായത്. സ്കാനര്‍ പരിശോധനയില്‍ പാവയ്ക്കുള്ളില്‍ ഗുളികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ നിന്നാണു പവീഷ്, മലപ്പുറം സ്വദേശി എം.അഭിജിത്ത്, മറ്റൊരു കൂട്ടാളി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 88 ഗ്രാം എംഡിഎംഎ ഗുളികളാണു കണ്ടെത്തിയത്. മലയാളി വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു ബെംഗളൂരുവിലും ഇയാള്‍ക്കു ലഹരിമരുന്നു വില്‍പനയുണ്ടെന്നു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ഇയാളുടെ ബെംഗളൂരുവിലെ ബന്ധങ്ങളെ കുറിച്ചും അന്വേഷണം തുടങ്ങി. സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചു പോസ്റ്റുകളിട്ടതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടയാളാണു പവീഷെന്നായിരുന്നു ബിജെപി നേൃത്വത്തിന്റെ വിശദീകരണം.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam