കോളജ് തെരഞ്ഞെടുപ്പിനിടെ കെ.എസ്.യു പ്രവർത്തകയെ തട്ടിക്കൊണ്ടു പോയ എസ്.​എഫ്.ഐക്കാർ അറസ്റ്റിൽ

കോളജ് തെരഞ്ഞെടുപ്പിനിടെ കെ.എസ്.യു പ്രവർത്തകയെ തട്ടിക്കൊണ്ടു പോയ എസ്.​എഫ്.ഐക്കാർ അറസ്റ്റിൽ

December 1, 2022 0 By Editor

മരട് : കോളജ് തെരഞ്ഞെടുപ്പിനിടെ കെ.എസ്.യു പ്രവർത്തക തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകരെ ​പൊലീസ് അറസ്റ്റ് ചെയ്തു. പൂത്തോട്ട ശ്രീനാരായണ ലോകോളജിലെ കെ.എസ്.യു സ്ഥാനാർഥി പ്രവീണയെ തട്ടിക്കൊണ്ടുപോയ രാജേശ്വരി, അതുൽ ദേവ്, സിദ്ധാർഥ് ഷാജി എന്നിവരെയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

യൂണിയൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമാണ് കോളജിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ക്ലാസ് പ്രതിനിധിയും കെ.എസ്.യു പ്രവർത്തകയുമായ പ്രവീണക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രവീണ പരാതി നൽകുകയായിരുന്നു.

പ്രവീണയുടെ കൂട്ടുകാരി കൂടിയായ രാജേശ്വരി, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് വിളിക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തെന്നായിരുന്നു പ്രവീണയുടെ പരാതി. ആശുപത്രിയിൽ പോകണമെന്ന വ്യാജേന​ പ്രവീണയെ എസ്.എഫ്.ഐ പ്രവർത്തക കൂട്ടിക്കൊണ്ടുപോയി പുറത്ത്​ നിർത്തിയിരുന്ന കാറിൽ എത്തിക്കുകയായിരുന്നു. ഈ വാഹനത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തരുണ്ടായിരുന്നു. സമീപ പ്രദേശങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് വിജനമായ സ്ഥലത്ത് പ്രവീണയെ ഇറക്കിവിട്ടു. ഇതോടെ തെരഞ്ഞെടുപ്പ് പൂർത്തിയാകുകയും ഫലം അട്ടിമറിക്കപ്പെടുകയും ചെയ്തു. പരാതി പ്രകാരം നേരത്തെ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.

സംഭവം നടക്കുമ്പോൾ എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ്​ കാമ്പസിലുണ്ടായിരുന്നു. ഇതുൾപ്പെടെ അന്വേഷിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്​ അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. സംഭവത്തിന്​ പിന്നിൽ പ്രാദേശിക സി.പി.എം നേതൃത്വമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന വിദ്യാർഥിയുൾപ്പെടെയുള്ള എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം കേസെടുക്കണമെന്നും​ ആവശ്യപ്പെട്ട് കെ.എസ്.യു അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.