കോഴിക്കോട്ട് ആളുകൾ നോക്കിനിൽക്കെ യുവാവ് വിഷം കഴിച്ച് മരിച്ചസംഭവം: ബാഗില്‍ കണ്ടെത്തിയത് 500 ഗ്രാമിലധികം രാസവസ്തു
kozhikode: കോട്ടപ്പറമ്പ് ഗവ. ആശുപത്രിക്ക് സമീപം ആളുകൾ നോക്കി നിൽക്കെ ചേളന്നൂർ സ്വദേശിയായ യുവാവ് വിഷംകഴിച്ച് മരിച്ചസംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണങ്കര ഒളോപ്പാറ മൊനോത്ത് ഹിറോഷ് (39) ആണ് ഡിസംബർ രണ്ടിന് വൈകീട്ടോടെ പരസ്യമായി വിഷംകഴിച്ച് മരിച്ചത്.
കഴിച്ചത് സയനൈഡാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. വിഷത്തിന്റെ സാംപിളും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആന്തരിക അവയവങ്ങളും വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചതായി കസബ പോലീസ് പറഞ്ഞു. സി.ഐ. പ്രജീഷ്‌ലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഹിറോഷിന്റെ പാർട്‌ണർഷിപ്പിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനമായ കോട്ടപ്പറമ്പിന് സമീപത്തെ ഗോൾഡൻ എന്റർപ്രൈസസിന് മുന്നിൽവെച്ചാണ് സംഭവം നടക്കുന്നത്. സ്ഥാപനത്തിന് മുന്നിൽവെച്ച് ഒരാളുമായി വാക്തർക്കമുണ്ടായി. തുടർന്ന് വഴിയാത്രക്കാരും മറ്റും തടിച്ചുകൂടിയിരുന്നു. ഇതിനിടയിൽ കവറിൽ സൂക്ഷിച്ചിരുന്ന വെളുത്ത നിറത്തിലുള്ള രാസവസ്തു പൊട്ടിച്ച് ഹിറോഷ് തന്റെ വായിലിടുകയും കുഴഞ്ഞുവീഴുകയും ചെയ്തു.
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടപ്പറമ്പ് ഭാഗത്തേത് കൂടാതെ അശോകപുരത്തും ഹിറോഷ് സ്ഥാപനം നടത്തുന്നുണ്ട്. നിർമാണമേഖല, സ്വകാര്യ പണമിടപാട് തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടാണ് ഹിറോഷ് വളരെക്കാലമായി ബിസിനസ് നടത്തിക്കൊണ്ടിരുന്നത്.
ഏകദേശം അഞ്ഞൂറ് ഗ്രാമിലധികം സയനൈഡെന്ന് സംശയിക്കുന്ന രാസവസ്തുവാണ് ഹിറോഷിന്റെ ബാഗിൽനിന്നും കാറിൽനിന്നും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഇത്രയധികം അളവിൽ രാസവസ്തു എങ്ങനെ ഹിറോഷിന്റെ കൈയിലെത്തിയെന്നതിന്റെ ഉറവിടം തേടിയുള്ള വിശദമായ അന്വേഷണവും നടക്കുന്നുണ്ട്.
സാമ്പത്തിക ബാധ്യതയുൾപ്പെടെ മരണത്തിനിടയാക്കിയ കാരണങ്ങൾ പോലീസ് അന്വേഷിച്ചുവരുകയാണ്. റിട്ട. സിവിൽ സപ്ലൈസ് ജീവനക്കാരൻ അശോകനാണ് അച്ഛൻ. അമ്മ: സുമിത്ര. ഭാര്യ: ധന്യ. മക്കൾ: ആദിനാഥ്, അഥിക. സഹോദരൻ: ധനീഷ്.